മാങ്കുളം: വന്യജീവികൾ വരുത്തുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം നാമമാത്രം. ഇത് ഉയർത്താൻ ഒരു നടപടിയുമില്ല. നഷ്ടപരിഹാരത്തിന് അപേക്ഷിച്ചാൽ പാസാകാൻ മാസങ്ങൾ വേണം. ഇതിന് ഒരു വർഷമെങ്കിലും കാത്തിരിക്കണം. വനംവകുപ്പിനാകട്ടെ ആവശ്യത്തിന് ഫണ്ടും ഇല്ല. ഇതുമൂലം ഭൂരിഭാഗം കർഷകരും നഷ്ടപരിഹാരത്തിന് അപേക്ഷപോലും നൽകുന്നില്ല. കർഷകന് മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ കൃഷി വകുപ്പ് ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

2020 വരെയുള്ള അഞ്ചുവർഷത്തെ കണക്കിൽ വന്യജീവികൾമൂലമുള്ള ആൾനാശം, പരിക്ക്, കൃഷിനാശം എന്നിവയ്ക്ക് നൽകിയ നഷ്ടപരിഹാരം 47.1 കോടി രൂപയാണെന്ന് വനം വകുപ്പ് പറയുന്നു. 38,100 അപേക്ഷകൾ ലഭിച്ചു.

ഓരോ വർഷവും അപേക്ഷകൾ കുറയുന്നു. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് തയ്യാറാക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വനംവകുപ്പ് നഷ്ടപരിഹാരം നൽകുന്നത്. കുലച്ച വാഴയ്ക്ക് 110 രൂപയും കുലയ്ക്കാത്തതിന് 83 രൂപയുമാണ് വനംവകുപ്പ് നൽകുന്നത്. നല്ലൊരു വാഴയിൽ ചുരുങ്ങിയത് എട്ടുകിലോ കായ കിട്ടും. കൃഷി വകുപ്പിന്റെ തറവില കിലോയ്ക്ക് 30 രൂപയാണ്. ഈ കണക്കിൽ 240 രൂപ എങ്കിലും കിട്ടണം.

കൃഷിവകുപ്പ് നൽകുന്ന വിള ഇൻഷുറൻസുപ്രകാരം, കുലച്ച വാഴ ഒരെണ്ണം നശിച്ചാൽ കിട്ടുന്നത് 300 രൂപയാണ്. കാലാവസ്ഥയും വന്യജീവികളും വരുത്തുന്ന കൃഷിനാശത്തിന് രണ്ടുതരം നഷ്ടപരിഹാരമാണ് കിട്ടുന്നത്.

ഒരോ വിളകൾക്കും വരുന്ന ചെലവ്, ആദായം എന്നിവ പരിഗണിച്ച് കൃഷി വകുപ്പാണ് നഷ്ടപരിഹാരം നിശ്ചയിക്കേണ്ടതെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ ചെയർമാൻ അലക്‌സ് ഒഴുകയിൽ പറഞ്ഞു. കൃഷി നശിക്കുന്ന കർഷകരിൽ പത്തുശതമാനം പേരേ നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

വർഷം ശരാശരി ഒമ്പത് കോടി രൂപ നഷ്ടപരിഹാരം ആയി നൽകുന്നുണ്ടെന്ന് സംസ്ഥാന വനം മേധാവി പി.കെ.കേശവൻ പറഞ്ഞു. ആവശ്യത്തിന് ഫണ്ട് ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ ഉണ്ട്. കിട്ടുന്ന അപേക്ഷകൾ അധികം വൈകാതെ പാസാക്കും. പക്ഷേ, സഹായധനത്തിന് കാലതാമസം വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടപരിഹാരമായി നൽകുന്ന തുക ചുവടെ

തെങ്ങ്-കുലച്ചത്-770 രൂപ

കുലയ്ക്കാത്തത്-385

റബ്ബർ-330, 220(വെട്ടാത്തത്)

നെല്ല്-11,000(ഹെക്ടറിന്)

കാപ്പി-110

കൊക്കോ-110

കവുങ്ങ്-165, 110(കായ ഇല്ലാത്തത്)

മരച്ചീനി-165(സെന്റിന്)

കുരുമുളക്-83

ജാതി-440, 165(കായ ഇല്ലാത്തത്)

ഏലം-2750(ഹെക്ടറിന്)