തിരുവനന്തപുരം: മോൻസണെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. എച്ച്.എസ്.ബി.സി. ബാങ്കിലെ വ്യാജരേഖ ഉണ്ടാക്കിയാണ് മോൻസൺ തട്ടിപ്പ് നടത്തിയത്. കേസിൽ വിശദ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കണമെന്ന് കസ്റ്റഡി അപേക്ഷയിൽ പറയുന്നു. മോൻസന്റെ അഭിഭാഷകനും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. പരാതിക്കാരൻ പണം നൽകിയതിന്റെ രേഖകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിൽ പറയുന്നത്.

പലപേരുപറഞ്ഞ് പണംവാങ്ങി

മ്യൂസിയത്തിൽ പങ്കാളിയാക്കാമെന്നു പറഞ്ഞാണ് പരാതിക്കാരനായ എം.ടി. ഷമീറിൽനിന്ന് പണം വാങ്ങിയത്‌. യാക്കൂബ് പുറായിലിന് 25 കോടി രൂപ ദീർഘകാലത്തേക്ക് പലിശരഹിത വായ്പയായി അനുവദിക്കാമെന്നും പറഞ്ഞ് പണം തട്ടി. അനൂപ് വി. അഹമ്മദിനെ മോൻസന്റെ ഉടമസ്ഥതയിലുള്ള ‘കലിംഗ കല്യാൺ’ കമ്പനിയിൽ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ചു. പുരാവസ്തു-വജ്ര വ്യാപാരം നടത്തുകയാണെന്നാണ് അനൂപിനോട് പറഞ്ഞത്. പുരാവസ്തു വിറ്റവകയിൽ ലഭിച്ച 2.62 ലക്ഷം കോടി രൂപ ഫെമ പ്രകാരം തടഞ്ഞുവെച്ചുവെന്നും ഇത് തിരികെ ലഭിക്കാൻ സഹായിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഇതിനായി ഷാനി, അനൂപ് എന്നിവർ ചേർന്ന് ആറു കോടി രൂപയാണ് നൽകിയത്.