കൊച്ചി: വ്യാജരേഖകളും വ്യാജമായി തയ്യാറാക്കിയ, പുരാവസ്തുക്കളോട് സാമ്യമുള്ള ഉത്‌പന്നങ്ങളും ഉപയോഗിച്ച് അതിസമർഥമായാണ് മോൺസൺ ഇടപാടുകൾ നടത്തി പണമുണ്ടാക്കിയത്. പ്രമുഖർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും തന്ത്രപരമായി ഇയാൾ പ്രയോജനപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടക്കമുള്ളവർ അറിഞ്ഞോ അറിയാതെയോ ഇതിന് നിന്നുകൊടുക്കുകയും ചെയ്തു.

റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന, കോടികൾ വിലമതിക്കുന്ന രാസപദാർഥം മോൺസന്റെ കൈവശം വിൽപ്പനയ്ക്കായി ഉണ്ടെന്നു പറഞ്ഞ് ഡി.ആർ.ഡി.ഒ. സയന്റിസ്റ്റ് നൽകിയ രേഖ, കേരള പോലീസ് ഡി.ജി.പി. ഒപ്പിട്ട് തന്റെ വസ്തുക്കൾക്ക് ഏർപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങളുടെ രേഖ തുടങ്ങിയവയൊക്കെ മോൺസൺ തട്ടിപ്പിനായി പ്രദർശിപ്പിച്ചിരുന്നു.

ഇതോടൊപ്പം ബാങ്ക് ഇടപാടുകളുടെയും ആർ.ബി.ഐ., കേന്ദ്ര ധനമന്ത്രാലയം, എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയവയുടെയും വ്യാജ രേഖകളും ഇയാൾ തയ്യാറാക്കിവെച്ചിരുന്നു. ഇത്തരം രേഖകൾ മോൺസന്റെ അമേരിക്കയിലുള്ള ബന്ധുവാണ് നിർമിച്ചുനൽകിയതെന്നു പറയുന്നുണ്ട്.

കൈവശമുള്ള ‘പുരാവസ്തു’ക്കളിൽ ഭൂരിഭാഗവും സിനിമാചിത്രീകരണത്തിന് സാധനങ്ങൾ വാടകയ്ക്ക് നൽകുന്ന, എറണാകുളം സ്വദേശിയായ സന്തോഷിൽനിന്ന് വാങ്ങിയതാണ്. മട്ടാഞ്ചേരിയിലുള്ള പുരാവസ്തുഷോപ്പുകളിൽനിന്നും ഇത്തരം സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തെ ആശാരിയെക്കൊണ്ടും ചില സാധനങ്ങൾ ഉണ്ടാക്കിയെടുപ്പിച്ചു.

പ്രവാസി മലയാളി ഫെഡറേഷൻ സംഘടനയെ ദുരുപയോഗംചെയ്ത് പോസ്റ്ററുകളും തയ്യാറാക്കി. പ്രവാസി മലയാളി ഫെഡറേഷന്റെ പേരിൽ ‘പ്രവാസി പുരസ്കാരം മുഖ്യമന്ത്രിക്ക്’ എന്ന് പോസ്റ്റർ ഇറക്കി. പോസ്റ്ററിൽ മോൺസൺ തന്റെ കമ്പനിയുടെ പേര് ഉൾപ്പെടുത്തി പ്രചരിപ്പിക്കുകയും ചെയ്തു.

പുതിയ തട്ടിപ്പ് ഖത്തർ മ്യൂസിയത്തിന്റെ പേരിൽ

തൃശ്ശൂർ സ്വദേശിയുമായി ചേർന്ന് ഖത്തറിൽ പുരാവസ്തു മ്യൂസിയത്തിലേക്ക് 15,000 കോടി രൂപയുടെ 93 വസ്തുക്കൾ വാങ്ങാൻ പദ്ധതിയിട്ടുവെന്ന പേരിലാണ് പുതിയ തട്ടിപ്പിന് കളമൊരുക്കിയത്. ഈ തട്ടിപ്പിലേക്ക് എത്തുംമുമ്പ് മോൺസൺ അകത്തായി.