കട്ടപ്പന: അത്യുത്പാദനശേഷിയുള്ള പുതിയ ഹൈബ്രിഡ് ഏലത്തൈ വികസിപ്പിച്ചതിന് റെജി ഞള്ളാനിക്ക് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ പുരസ്‌കാരം. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ഐ.സി.എ.ആർ.) നാഷണൽ ഇന്നവേറ്റീവ് അവാർഡ് 2021 ആണ് റെജി ഞള്ളാനിക്ക് ലഭിച്ചത്.

ഉത്പാദനശേഷിയുള്ള ഞള്ളാനി ഏലവും ഒറ്റചിമ്പൻ, പതിയൻ, കുഴിയില്ലാ പ്ലാന്റിങ്, റിങ് പ്ലാൻറിങ് തുടങ്ങിയ നടീൽ, വളപ്രയോഗ രീതികളും വികസിപ്പിച്ചതിന് ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ പുരസ്‌കാരം റെജി ഞള്ളാനിക്ക് ലഭിച്ചിട്ടുണ്ട്.

മുൻപ് ചെന്നൈയിൽ നടന്ന അന്തർദേശീയ സമ്മേളനത്തിൽ സസ്യ-ജനിതക സാധ്യത ആരായുന്ന ഏഷ്യാ-പസഫിക് അന്താരാഷ്ട്ര പഠനസമിതിയിൽ അംഗമായിരുന്ന റെജി ഞള്ളാനി ആറ് ശാസ്ത്രപ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അന്തർദേശീയ സംഘടനകളുടെ മേൽനോട്ടത്തിൽ 2012-ൽ ബെംഗളൂരുവിൽ നടന്ന ഇന്ത്യൻ ബയോഡൈവേഴ്സിറ്റി ശാസ്ത്ര സമ്മേളനത്തിൽ റെജി അവതരിപ്പിച്ച ശാസ്ത്രപ്രബന്ധത്തിന് ദേശീയ അവാർഡും ലഭിച്ചിരുന്നു.

കേന്ദ്ര സർക്കാരിന്റെ സെന്റർ ഫോർ സ്റ്റഡീസ്, കർണാടക കൃഷിവകുപ്പ്, ഓയിസ്‌കാ ഇന്റർനാഷനൽ, റോട്ടറി ഇന്റർനാഷണൽ, കൃഷിവിജ്ഞാനകേന്ദ്രം എന്നിവയുടെ അവാർഡുകളും ലഭിച്ചു. ഏലതിലകം ഉൾപ്പെടെയുള്ള അംഗീകാരങ്ങളും നേടി.

സംസ്ഥാന സിവിൽ സപ്ലൈസിൽ ഉദ്യോഗസ്ഥനായിരുന്ന റെജി, കാർഷിക മേഖലയിലെ ഗവേഷണങ്ങൾക്കായി ജോലി രാജിവെയ്ക്കുകയായിരുന്നു. ഇപ്പോൾ ഏലം വിളവെടുപ്പിനുള്ള യന്ത്രം വികസിപ്പിക്കുന്നു. ഏലത്തെ ബാധിക്കുന്ന ഫിസേറിയം, തട്ടമറിച്ചിൽ, കൊത്തഴുകൽ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്ന് വികസിപ്പിക്കാൻ‍ ഗവേഷണത്തിലുമാണ്. ഭാര്യ: റിട്ട. അധ്യാപിക റോസമ്മ. മക്കൾ: അരോമ റോസ്, അതുല്യാ റോസ്.