കൊച്ചി: എയ്ഡഡ് സ്കൂൾ മാനേജുമെന്റുകൾ 2021-22 കാലത്ത് നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സെപ്റ്റംബർ ആറിന് പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. ഭിന്നശേഷിക്കാർക്കായുള്ള സംവരണം പാലിക്കാതെയാണ് നിയമനങ്ങൾ നടത്തിയിരിക്കുന്നതെന്നാരോപിച്ച് കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് പ്രസിഡന്റ് കെ.ജെ. വർഗീസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജവിജയരാഘവന്റെ ഇടക്കാല ഉത്തരവ്.

സെപ്റ്റംബർ 24-നുള്ളിൽ നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറഞ്ഞിരുന്നത്. ഭിന്നശേഷി സംവരണം പാലിക്കാതെ ഇതിനോടകം നിയമനാംഗീകാരം നൽകിയിട്ടുണ്ടെങ്കിൽ അത് ഹർജിയിലെ തീർപ്പിന് വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഭിന്നശേഷിക്കാർക്ക് നിയമപ്രകാരമുള്ള സംവരണം എയ്ഡഡ് സ്കൂളുകളിലേക്കുള്ള നിയമനങ്ങളിൽ വിദ്യാഭ്യാസവകുപ്പ് ഉറപ്പാക്കേണ്ടതുണ്ട്. നിയമം നിലവിൽവന്ന 1995 മുതൽ ഭിന്നശേഷിക്കാർക്കായി നീക്കിവെക്കേണ്ടിയിരുന്ന സീറ്റുകൾ കണ്ടെത്തി നികത്തുന്നകാര്യത്തിൽ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

2021-22ലെ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ ഡി.ഇ.ഒ.മാർക്കും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കുമായിരുന്നു നിർദേശം നൽകിയിരുന്നത്.

ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണ നിയമപ്രകാരം നാലുശതമാനത്തിൽ കുറയാത്ത തസ്തികകൾ ഭിന്നശേഷിക്കാർക്കായി നീക്കിവെക്കണം. ഈ വ്യവസ്ഥ എയ്ഡഡ് സ്ഥാപനങ്ങൾക്കും ബാധമാക്കി 2018 നവംബറിൽ സർക്കാർ ഉത്തരവും പറപ്പെടുവിച്ചു. 1996 മുതലുള്ള നിയമനങ്ങളിൽ ഉത്തരവ് ബാധകമായിരിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതിനെതിരേ മാനേജുമെന്റുകൾ സുപ്രീംകോടതിയെവരെ സമീപിച്ചെങ്കിലും ഫലംകണ്ടില്ല.

വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്താൽ എല്ലാ നിയമനങ്ങളും തടസ്സപ്പെടുമെന്നായിരുന്നു സർക്കാർ നിലപാട്. ചട്ടം ഭേദഗതിചെയ്താലെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ കഴിയൂ എന്നും അതിനായുള്ള നടപടികൾ നടക്കുകയാണെന്നും സർക്കാർ അറിയിച്ചു.