തിരുവനന്തപുരം: നിപയെ അതിജീവിച്ച എറണാകുളം സ്വദേശിയായ ഗോകുൽ കൃഷ്ണയുടെ അമ്മ വി.എസ്.വാസന്തിക്ക് വനിതാ വികസന കോർപ്പറേഷനിൽ ലോൺ/ റിക്കവറി അസിസ്റ്റന്റായി താൽക്കാലിക നിയമനം നൽകി. സാമ്പത്തികബുദ്ധിമുട്ടിലായിരുന്നു കുടുംബം. എൻജിനീയറിങ്‌ വിദ്യാർഥിയായിരിക്കേയാണ് ഗോകുൽ കൃഷ്ണയ്ക്ക് നിപ വൈറസ് ബാധിച്ചത്. അമ്മ സ്വകാര്യ ആശുപത്രിയിൽ ഫാർമസി ഇൻ ചാർജ് ആയി ജോലിചെയ്തുവരികയായിരുന്നു. മകന് നിപ ബാധിച്ചതോടെ അവർ ആശുപത്രിയിൽനിന്നു വിട്ടുനിന്നു. മകന്റെ ചികിത്സ കഴിഞ്ഞ്‌ ആശുപത്രിയിലെത്തിയപ്പോഴേക്കും അവരെ ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. 28 വർഷം അവർ അവിടെ ജോലിചെയ്തിരുന്നുവെന്നാണ് പറയുന്നത്. കോവിഡ് വ്യാപനം കാരണം അച്ഛനും ജോലി നഷ്ടപ്പെട്ടിരുന്നു. ഗോകുൽ കൃഷ്ണയ്ക്ക് നിപയ്ക്കു ശേഷം മറ്റു പല അസുഖങ്ങളുമുണ്ടായി. കടം കയറി വീട് ജപ്തിയുടെ വക്കിലുമാണെന്നറിഞ്ഞതോടെയാണ് മന്ത്രി വീണാ ജോർജ് ഇടപെട്ട് അമ്മയ്ക്ക് താൽക്കാലിക ജോലി നൽകിയത്.

നേരത്തേ ഇവരെ ജോലിയിൽനിന്നു പിരിച്ചുവിട്ട സ്ഥാപനത്തിനെതിരേ നിയമനടപടി സ്വീകരിക്കാൻ ലേബർ വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്. ജപ്തിനടപടികളിൽനിന്ന്‌ ഇളവു നേടാനായി സഹകരണ വകുപ്പിെന്റ സഹായം തേടും. ഗോകുൽ കൃഷ്ണയുടെ തുടർചികിത്സ എറണാകുളം മെഡിക്കൽ കോളേജിൽ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.