കാഞ്ഞിരപ്പള്ളി: നാലുമാസം പ്രായമുള്ള കുട്ടിയെ, മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലുള്ള അമ്മ കൊന്നതാണെന്ന് പോലീസ്. മരുന്നിന്റെ തളർച്ചയിൽ കിടന്നുറങ്ങുമ്പോൾ കുട്ടിയുടെ കരച്ചിൽ അസ്വസ്ഥതയുണ്ടാക്കിയതാണ് കൊലപ്പെടുത്താൻ കാരണമായി അവർ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ അമ്മ സൂസൻ(24) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാണ്. മാനസികാസ്വാസ്ഥ്യമുള്ളതിനാൽ ഡോക്ടറുടെ സാന്നിധ്യത്തിൽ മൊഴിയെടുത്തശേഷംമാത്രമേ അറസ്റ്റ് ചെയ്യൂവെന്ന് പോലീസറിയിച്ചു.

കുട്ടി ശ്വാസംമുട്ടി മരിച്ചെന്നായിരുന്നു മൃതദേഹപരിശോധനാ റിപ്പോർട്ട്.

ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും പോലീസറിയിച്ചു.

കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ.ബാബു-സൂസൻ ദമ്പതിമാരുടെ മകൻ ഇഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന അമ്മയും വീട്ടിൽ തനിച്ചുള്ളപ്പോഴായിരുന്നു സംഭവം.