കൊച്ചി: പുരാവസ്തു വില്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കൽ തട്ടിപ്പിനായി ഉപയോഗിച്ചത് ഉന്നത ബന്ധങ്ങൾ. കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ എം.പി. അടക്കമുള്ളവർക്ക് മോൻസണുമായി ബന്ധമുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം. സുധാകരന്റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ മോൻസണ് കൈമാറിയെന്നും മോൻസന്റെ കൈയിലേക്ക് തടഞ്ഞുവെച്ച ഫണ്ട് ഉടൻ എത്തുമെന്ന് എം.പി. ഉറപ്പുനൽകിയെന്നും പരാതിക്കാർ പറയുന്നു. മോൻസണിന്റെ വീട്ടിൽ എം.പി. താമസിക്കുകയും ചികിത്സ തേടുകയും ചെയ്തു. കൊച്ചിയിലെ മുൻ പോലീസ് കമ്മിഷണറായിരുന്ന ഡി.ഐ.ജി. സുരേന്ദ്രന്റെ വീട്ടിൽ വെച്ച് 25 ലക്ഷം പ്രതിക്ക് കൈമാറിയതായും പരാതിക്കാർ ആരോപിക്കുന്നു.

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ എന്നിവരോടൊപ്പം മോൻസൺ നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം ബന്ധമുണ്ടെന്ന് പ്രതി ആളുകളെ പറഞ്ഞ് പറ്റിച്ചു. പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി എന്ന നിലയിലാണ് ബന്ധങ്ങൾ പ്രതി വളർത്തിയെടുത്തത്. പരിപാടികളിൽ എത്തുന്ന പ്രമുഖരുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീട് ഇവരോടൊപ്പമുള്ള ചിത്രം ദുരുപയോഗം ചെയ്യുകയുമായിരുന്നു. ഫെഡറേഷന്റെ ഗ്ലോബൽ കോ-ഓർഡിനേറ്ററായ കൊച്ചി സ്വദേശിനിയുമായി ഇത്തരത്തിലാണ് പ്രതി സൗഹൃദം സ്ഥാപിച്ചത്. സത്യാവസ്ഥ തിരിച്ചറിഞ്ഞതോടെ യുവതി മോൻസണെതിരേ നിലപാടെടുത്തു.

ലോകത്തെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം സ്ഥാപിക്കാനെന്ന് വിശ്വസിപ്പിച്ചാണ് മോൻസൺ പരാതിക്കാരിൽനിന്ന് 10 കോടി രൂപ തട്ടിയെടുത്തത്. ഇതിനുശേഷം ഖത്തറിൽ മ്യൂസിയത്തിലേക്ക് വസ്തുക്കൾ വാങ്ങുന്നതിന് 15,000 കോടിയുടെ പുതിയ തട്ടിപ്പിന് പദ്ധതിയിടുകയും ചെയ്തു.

മോൻസൺ തട്ടിപ്പ് നടത്തി സമ്പാദിക്കുന്ന പണം തന്റെ കൂട്ടാളികളുടെ അക്കൗണ്ടിലേക്കാണ് വാങ്ങിയിരുന്നത്. ഇതിനാൽത്തന്നെ മോൻസൺ പണം വാങ്ങിയതായി തെളിയിക്കാൻ ക്രൈംബ്രാഞ്ച് ബുദ്ധിമുട്ടും. പണം നേരിട്ടു വാങ്ങുന്ന സാഹചര്യങ്ങളിൽ തന്റെ കാറുമായി എത്തും. ഈ കാറിൽ നോട്ടെണ്ണൽ യന്ത്രമടക്കം സംവിധാനങ്ങളുണ്ടായിരുന്നു.

മോൻസണുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ കുറിച്ച് ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോൻസണിന്റെ വീടിനു മുന്നിൽ സ്ഥാപിച്ച ബീറ്റ് ബുക്ക് ആരോപണങ്ങളെ തുടർന്ന് പോലീസ് എടുത്തുമാറ്റി. കേസിൽ കള്ളപ്പണ ഇടപാട് സംശയിക്കുന്നതിനാൽത്തന്നെ ഇ.ഡി. അന്വേഷണത്തിനും സാധ്യതയുണ്ട്.

കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

മോൻസൺ മാവുങ്കലിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. എച്ച്.എസ്.ബി.സി. ബാങ്കിലെ വ്യാജരേഖ ഉണ്ടാക്കിയാണ് മോൻസൺ തട്ടിപ്പ് നടത്തിയത്. കേസിൽ വിശദ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കണമെന്നാണ് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.

അതേസമയം, മോൻസൺ മാവുങ്കലിന്റെ അഭിഭാഷകനും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. പരാതിക്കാരൻ പണം നൽകിയതിന്റെ രേഖകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിൽ പറയുന്നത്.

പല പേരുപറഞ്ഞ് പണം വാങ്ങി

മ്യൂസിയത്തിൽ പങ്കാളിയാക്കാമെന്നു പറഞ്ഞാണ് പരാതിക്കാരനായ എം.ടി. ഷമീറിൽനിന്ന് പണം വാങ്ങിയത്‌. യാക്കൂബ് പുറായിലിന് 25 കോടി രൂപ ദീർഘകാലത്തേക്ക് പലിശരഹിത വായ്പയായി അനുവദിക്കാമെന്നും പറഞ്ഞ് പണം തട്ടി. അനൂപ് വി. അഹമ്മദിനെ മോൻസന്റെ ഉടമസ്ഥതയിലുള്ള ‘കലിംഗ കല്യാൺ’ കമ്പനിയിൽ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ചു. പുരാവസ്തു-വജ്ര വ്യാപാരം നടത്തുകയാണെന്നാണ് അനൂപിനോട് പറഞ്ഞത്. പുരാവസ്തു വിറ്റ വകയിൽ ലഭിച്ച 2.62 ലക്ഷം കോടി രൂപ ഫെമ പ്രകാരം തടഞ്ഞുെവച്ചുവെന്നും ഇത് തിരികെ ലഭിക്കാൻ സഹായിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഇതിനായി ഷാനി, അനൂപ് എന്നിവർ ചേർന്ന് ആറു കോടി രൂപയാണ് നൽകിയത്.