കോട്ടയം: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ആഭരണ, അമൂല്യവസ്തു മഹസർ എഴുതുന്നതിൽ വീഴ്ച വരുത്തുന്നെന്ന് കണ്ടെത്തി. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ രുദ്രാക്ഷമാല കാണാതായതിനെത്തുടർന്ന് വിവിധ ദേവസ്വങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.

മേൽശാന്തിമാർ ചുമതലയൊഴിയുമ്പോഴും പുതിയ വ്യക്തി ചുമതലയേൽക്കുമ്പോഴും വസ്തുക്കളുടെ വിവരങ്ങൾ തരംതിരിച്ച് എഴുതിനൽകുന്നതിനെയാണ് മഹസർ എന്ന് പറയുന്നത്. ഇത് ദേവസ്വം ഉദ്യോഗസ്ഥരുടെ ചുമതലയിൽ വേണം. ഏറ്റുമാനൂരിൽ മഹസർ എഴുതിയില്ലെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയത്.

ഏറ്റുമാനൂരിൽ മാലയില്ലെന്നുള്ള വിവരം, ഇൗ മഹസറെഴുത്ത് നടത്തിയിരുന്നെങ്കിൽ മൂന്നുവർഷംമുമ്പേ കണ്ടെത്താമായിരുന്നു. മഹസർ എഴുതുമ്പോൾ ആ ദേവസ്വത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഒാഫീസറും അസി. കമ്മിഷണറും സന്നിഹിതരായിരിക്കണം. മുമ്പ് അമ്പലപ്പുഴ ക്ഷേത്രത്തിലെ പതക്കം കാണാതായതിലും സമാനമായ വീഴ്ചയുണ്ടായിരുന്നു. ഏറ്റുമാനൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, എല്ലാ ക്ഷേത്രങ്ങളിലെയും നിത്യപൂജാ സാമഗ്രികളുടെയും ആഭരണങ്ങളുടെയും വിവരം ശേഖരിച്ചുനൽകാൻ തിരുവാഭരണ കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 20 ഗ്രൂപ്പിലും പരിശോധന നടക്കും.

ക്ഷേത്രങ്ങളിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് സമീപകാലത്ത് പൂർത്തിയായിരുന്നു. ഉപയോഗിക്കാതെ വെച്ചിരിക്കുന്ന സ്വർണ ഉരുപ്പടികളുടെ വിവരം ദേവസ്വം കമ്മിഷണർക്കാണ് നൽകിയത്. 500 കിലോഗ്രാം സ്വർണ ഉരുപ്പടികളുണ്ടെന്നാണ് വിവരം. ആ കണക്കെടുപ്പ് സമയത്ത് ഒാരോ ക്ഷേത്രത്തിലെയും ഉപകരണങ്ങൾ, ആഭരണങ്ങൾ, പാരമ്പര്യമായി കൈമാറിവന്ന വസ്തുക്കൾ എന്നിവ തരംതിരിച്ച് രേഖപ്പെടുത്തിയിരുന്നു. നിത്യാവശ്യത്തിനും വിശേഷാവസരത്തിലും ഉപയോഗിക്കാനുള്ള ആഭരണങ്ങൾ ഒഴികെയുള്ള സ്വർണ ഉരുപ്പടികൾ കട്ടിയാക്കി റിസർവ്‌ ബാങ്കിൽ സൂക്ഷിക്കും.