പയ്യന്നൂർ: പൂച്ച കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. കുന്നരു വടക്കേഭാഗത്തെ കെ.പി.വി. ബാലന്റെ ഭാര്യ ചട്ടിക്കാട്ട് സാവിത്രി (49) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപതരയോടെ പയ്യന്നൂർ പോലീസ് സ്റ്റേഷൻ റോഡിലായിരുന്നു സംഭവം. കണ്ടോത്ത് താമസിക്കുന്ന ബന്ധുവിന്റെ മരണവിവരമറിഞ്ഞ് മകൻ സനീഷിനൊപ്പം ബൈക്കിൽ പോകവെ പയ്യന്നൂർ മാളിന് സമീപത്തായിരുന്നു അപകടമുണ്ടായത്.

പൂച്ച കുറുകെചാടിയതോടെ പെട്ടെന്ന് ബ്രേയ്ക്ക്‌ ചെയ്തപ്പോൾ ബൈക്ക് തെന്നിപ്പോകുകയും പിറകിലിരുന്ന സാവിത്രി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ പയ്യന്നൂരിലെ ആശുപത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടയിൽ തിങ്കഴാഴ്ച പുലർച്ചെയായിരുന്നു മരണം. ബൈക്ക് ഓടിച്ച സനീഷിന് നിസ്സാര പരിക്കേറ്റു. മറ്റൊരു മകൻ: സനൽ. സഹോദരങ്ങൾ: നാരായണൻ (ഡ്രൈവർ), കൃഷ്ണൻ (എ.എസ്.ഐ. എ.ആർ. ക്യാമ്പ് കാസർകോട്), പുഷ്പ (പയ്യന്നൂർ).