മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച കറൻസി പിടികൂടി. കാസർകോട് മുട്ടത്തൊടി സ്വദേശി കേപ്പുറം മുഹമ്മദ് അൻവറിൽനിന്നാണ് 9.45 ലക്ഷം ഇന്ത്യൻ രൂപ കസ്റ്റംസും വിമാനത്താവള സുരക്ഷാ ജവനക്കാരും ചേർന്ന് പിടികൂടിയത്. ബാഗേജിലുണ്ടായിരുന്ന ഷൂസിലും സോക്‌സിലും വസ്ത്രങ്ങൾക്കുള്ളിലും ഒളിപ്പിച്ച നിലയിലാണ് കറൻസി നോട്ടുകൾ ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രി ഗോ ഫസ്റ്റ് വിമാനത്തിൽ ഷാർജയിലേക്ക് പോകാനാണ് ഇയാൾ എത്തിയത്.

നിയമപ്രകാരം 25,000 രൂപ വരെ മാത്രമാണ് വിദേശത്തേക്ക് കൊണ്ടുപോകാനോ കൊണ്ടുവരാനോ അനുമതിയുള്ളത്. അൻവറിന്റെ പേരിൽ കസ്റ്റംസ് കേസെടുത്തു. കസ്റ്റംസ് അസി. കമ്മിഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, എൻ.സി. പ്രശാന്ത്, കെ.പി. സേതുമാധവൻ, ജ്യോതിലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.