തിരൂർ: സംസ്ഥാനത്ത് 12 നഗരസഭകളിൽ സെക്രട്ടറിമാരില്ലാത്തത് ഓഫീസ് പ്രവർത്തനം താളംതെറ്റിക്കുന്നു. എൻജിനീയർമാർക്കും സെക്രട്ടറിയുടെ പി.എ.മാർക്കുമാണ് അധികച്ചുമതല നൽകിയിട്ടുള്ളത്. തിരൂർ, മഞ്ചേരി, കോട്ടയ്ക്കൽ, മലപ്പുറം, ആലുവ, ഒറ്റപ്പാലം ഉൾപ്പെടെ 12 -ഓളം നഗരസഭകളിലാണ് സെക്രട്ടറിക്കസേര ഒഴിഞ്ഞുകിടക്കുന്നത്.

െറവന്യൂ ഓഫീസറോ എൻജിനീയറോ നഗരസഭയുടെ മൊത്തം ഭരണച്ചുമതലയേറ്റെടുക്കുമ്പോൾ നിലവിൽ സ്വതന്ത്ര ചുമതലയിൽ ചെയ്തിരുന്ന പല പ്രവർത്തനങ്ങളിലും പൂർണമായി ചെയ്യാൻ കഴിയുന്നില്ല. മാത്രമല്ല നേരത്തേ അവർ ചെയ്തിരുന്ന െറവന്യൂ, എൻജിനിയറിങ് വിഭാഗങ്ങളിൽ ഫയലുകൾ തീർപ്പാക്കാൻ കാലതാമസമുണ്ടാക്കുന്നുമുണ്ട്. കൂടാതെ പുതിയ സെക്രട്ടറി ചുമതലയേറ്റാൽ താത്കാലിക ചുമതലക്കാർ അതേ ഓഫീസിലെ പഴയ സീറ്റിലേക്ക് തിരിച്ചുപോകേണ്ടതുണ്ട്. ഇതറിയുന്നതുകൊണ്ടുതന്നെ സഹപ്രവർത്തകരായ ഉദ്യോഗസ്ഥരോട് കർശനമായി പെരുമാറാൻ താത്കാലിക സെക്രട്ടറിക്ക് കഴിയില്ല.

നഗരസഭാ സെക്രട്ടറിയും എൻജിനീയറും ഗസറ്റഡ് ഉദ്യോഗസ്ഥനാണെങ്കിലും സെക്രട്ടറിയുടെ പി.എ. ഗസറ്റഡ് ഉദ്യോഗസ്ഥനല്ല. ഇദ്ദേഹത്തിന് നഗരസഭയുടെ ചെക്കുകൾ ഒപ്പിടാൻ അധികാരമില്ല. അതിനാൽ സർക്കാർ സെക്രട്ടറിയുടെ പി.എ.യ്ക്ക് മുുഴുവൻ അധികച്ചുമതല നൽകി പ്രത്യേക ഉത്തരവിറക്കിയാണ് താത്കാലിക സെക്രട്ടറിയായി നിയമിക്കുന്നത്. പല നഗരസഭാധ്യക്ഷന്മാരും അവരുടെ നഗരസഭയിൽ സെക്രട്ടറിയെ നിയമിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും നിയമനം നടക്കുന്നില്ല. യു.ഡി.എഫ്. ഭരിക്കുന്ന പല നഗരസഭകളിലും സെക്രട്ടറി നിയമനം വൈകിപ്പിക്കുകയാണെന്നും ആക്ഷേപമുയരുന്നുണ്ട്.

തിരൂർ നഗരസഭാ സെക്രട്ടറി എസ്.ബിജുവിനെ 2021 ഫെബ്രുവരി ആറിന് കോട്ടയത്തേക്ക്‌ സ്ഥലം മാറ്റിയതോടെയാണ് ഇവിടെ ഒഴിവുവന്നത്. നിലവിൽ സെക്രട്ടറിയുടെ പി.എ.ആയിരുന്ന ടി.വി. ശിവദാസനാണ് കഴിഞ്ഞ എട്ടു മാസക്കാലമായി സെക്രട്ടറിയുടെ താത്കാലികച്ചുമതല. മലപ്പുറം ജില്ലയിലെ ഏക ഫസ്റ്റ്‌ഗ്രേഡ് നഗരസഭ കൂടിയാണിത്.

മഞ്ചേരി നഗരസഭയിൽ 2017-ൽ സെക്രട്ടറി ഡോ. സിനി സ്ഥലം മാറിയപ്പോൾ െറവന്യൂ ഓഫീസർക്ക് താത്കാലികച്ചുമതല നൽകി. 2018 മാർച്ച് വരെ സെക്രട്ടറിയുടെ താത്കാലികച്ചുമതല വഹിച്ച ഇദ്ദേഹം സെക്രട്ടറിയുടെ പി.എ. തസ്തികയിൽ പ്രൊമോഷൻകിട്ടി പോയതോടെ മുൻസിപ്പൽ എൻജിനീയർക്ക് താത്കാലികച്ചുമതല നൽകുകയായിരുന്നു.