മലപ്പുറം: വഖഫ് ഭൂമികളിലെ പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക അദാലത്തുകൾ ചൊവ്വാഴ്ച തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം മഞ്ചേരി നഗരസഭ ടൗൺഹാളിൽ രാവിലെ 10-ന് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്യും. ബോർഡിൽ പുതുതായി രജിസ്റ്റർചെയ്ത 140 വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണംചെയ്യും. വിവിധ കാരണങ്ങളാൽ തീർപ്പു കൽപ്പിക്കാതെകിടക്കുന്ന രജിസ്ട്രേഷൻ അപേക്ഷകളിൽ അദാലത്തിൽ പരിഹാരം കാണും.

വഖഫ് സ്ഥാപനങ്ങൾ ബോർഡിൽ രജിസ്റ്റർ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നടത്തിപ്പു ചുമതലയുള്ളവർക്ക് (മുതവല്ലിമാർ) അവബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളും അദാലത്തിന്റെ ഭാഗമായി നടക്കും. ഒക്ടോബർ ഒൻപതിന് കണ്ണൂർ, 23-ന് കോഴിക്കോട്, 30-ന് കാസർകോട് എന്നിവിടങ്ങളിലാണ് തുടർന്നുള്ള അദാലത്തുകൾ. മറ്റു ജില്ലകളിലെ അദാലത്ത് തീയതികൾ പിന്നീട് തീരുമാനിക്കും.