കൊച്ചി: ലഹരിക്കടത്തിലെ ശ്രീലങ്കൻ ബന്ധത്തിൽ മലയാളികളുൾപ്പെടെ കൂടുതൽപ്പേർ പങ്കാളികളെന്നു സംശയം. കേരളത്തിന്റെ തീരം വഴി ലഹരിക്കടത്തിന്‌ വിവിധ സംഘങ്ങൾ പദ്ധതിയിട്ടിരുന്നതായുള്ള രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടിനെത്തുടർന്ന്‌ അന്വേഷണം ശക്തമാക്കാൻ ഒരുങ്ങുകയാണ് എൻ.ഐ.എ.

ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായ എൽ.ടി.ടി.ഇ.യുടെ പുനരുജ്ജീവനം ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളാണ് ലഹരിക്കടത്തിനു പിന്നിലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് പലരും എൻ.ഐ.എ.യുടെ നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന.

ഗുജറാത്തിനടുത്ത് അറബിക്കടലിൽ ഹെറോയിനുമായി പിടിയിലായ ഇറാനിയൻ സംഘം കേരള തീരത്തുവെച്ച് അതു കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു.

കേരളത്തിൽ സമീപകാലത്തു നടന്ന ലഹരിക്കടത്തുകളിൽ പലതിനും ചെന്നൈയിലെ ട്രിപ്ലിക്കെയിനുമായുള്ള ബന്ധവും പരിശോധിക്കുന്നുണ്ട്. ട്രിപ്ലിക്കെയിനിലെ ലഹരിക്കടത്ത് നിയന്ത്രിക്കുന്നത് മലേഷ്യയിലെ തമിഴ് വംശജരാണ്. ഇവർക്കു ശ്രീലങ്കയിലെ എൽ.ടി.ടി.ഇ.യുമായി ബന്ധമുണ്ടെന്ന സൂചനകളാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. ഇവരുടെ സംഘത്തിൽ മലയാളികളുൾപ്പെടെ കൂടുതൽപ്പേർ പങ്കാളികളാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

ശ്രീലങ്കയിലേക്ക്‌ ആയുധങ്ങളും ലഹരിയും കടത്തിയ സംഭവത്തിൽ പിടിയിലായ ശ്രീലങ്കൻ സ്വദേശി സുരേഷ് രാജയിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുതിയ ദിശയിലേക്കു നീങ്ങുന്നതായും സൂചനയുണ്ട്. കൊച്ചിയുടെ തീരത്തുവെച്ചാണ് ലഹരിക്കടത്തിനുള്ള സാമ്പത്തിക ഇടപാടുകൾ നടന്നതെന്നു സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിൽ കൂടുതൽപ്പേർ കണ്ണികളായിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്.