കൊച്ചി: വാളയാറിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ വലിയ മധുവെന്ന മധു, ഷിബു എന്നിവരുടെ ജാമ്യ ഹർജികൾ ഹൈക്കോടതി നവംബർ ഒന്നിനു പരിഗണിക്കാൻ മാറ്റി. ജനുവരി 20 മുതൽ ജയിലിലാണെന്നും മുഖ്യ സാക്ഷികളുടെ ചോദ്യം ചെയ്യലടക്കം പൂർത്തിയായതിനാൽ ജാമ്യം നൽകണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.

ജസ്റ്റിസ് പി. ഗോപിനാഥാണ് ഹർജികൾ പരിഗണിക്കുന്നത്. 13 വയസ്സും ഒമ്പതു വയസ്സുമുള്ള കുട്ടികൾ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തെന്നാണ് കേസ്. 2019 ഒക്ടോബറിൽ കേസിൽ പാലക്കാട് പോക്സോ കോടതി വലിയ മധു ഉൾപ്പെടെയുള്ള പ്രതികളെ വെറുതേ വിട്ടിരുന്നു. ഇതിനെതിരേ സർക്കാരും മരിച്ച പെൺകുട്ടികളുടെ അമ്മയും നൽകിയ ഹർജികളെ തുടർന്ന് പ്രതികളെ വെറുതേ വിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി.

കേസിൽ പുനർ വിചാരണയ്ക്കും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടാൽ തുടരന്വേഷണം അനുവദിക്കാനും പോക്സോ കോടതിക്ക് നിർദേശവും നൽകി. പ്രതികൾ കോടതിയിൽ കീഴടങ്ങാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. സി.ബി.ഐ.യാണ് കേസിൽ തുടരന്വേഷണം നടത്തുന്നത്.