തിരുവനന്തപുരം: തലസ്ഥാന നഗരസഭയുടെ മൂന്ന് സോണൽ ഓഫീസുകളിൽ നികുതിവെട്ടിപ്പ് നടന്ന സാഹചര്യത്തിൽ നികുതിയടച്ചവർക്ക് ഒരു പൈസപോലും നഷ്ടമാകില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കുറ്റക്കാരായവരെയെല്ലാം അറസ്റ്റ് ചെയ്യും. നിലവിൽ പോലീസ്, എ.ജി., ധനകാര്യ വിഭാഗം എന്നിവയുടെ അന്വേഷണം നടക്കുന്നുണ്ട്. പുരോഗതി വിലയിരുത്തി ആവശ്യമെങ്കിൽ കൂടുതൽ നടപടിയുണ്ടാകുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദനുവേണ്ടി കെ.രാധാകൃഷ്ണൻ മറുപടി നൽകി. അതേസമയം, തട്ടിപ്പുകാർ സി.പി.എം. സംഘടനകളിൽപ്പെട്ടവരും അവരുടെ ഭാരവാഹികളുമായതിനാൽ അവരെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് എം.വിൻസെന്റ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു.

നേമം, ശ്രീകാര്യം, ആറ്റിപ്ര സോണൽ ഓഫീസുകളിലെ നികുതി വെട്ടിപ്പും നഗരസഭയിലെ ക്രമക്കേടുകളും അക്കമിട്ട് നിരത്തിയാണ് വിൻസെന്റ് അടിയന്തര പ്രമേയാവതരണത്തിന് അനുമതി തേടിയത്. ഓരോ അഴിമതിയാരോപണങ്ങൾക്കും പ്രതിരോധം തീർക്കാൻ സഭയിലുള്ള മുൻ മേയർമാർ ഉൾപ്പെടെയുള്ളവർ എഴുന്നേൽക്കുകയും ചെയ്തു. 2015 മുതലുള്ള ക്രമക്കേടുകളെക്കുറിച്ച് വകുപ്പ് സെക്രട്ടറി അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ജനങ്ങളുടെ നികുതിപ്പണം തട്ടിയെടുത്ത് കടുത്ത അഴിമതി നടത്തുന്ന കേസിൽ പ്രതിസ്ഥാനത്തുള്ള എല്ലാവരെയും അറസ്റ്റു ചെയ്യാതെ ഏതാനും സ്ത്രീജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്യുന്ന നടപടിയാണു സർക്കാർ സ്വീകരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. നികുതി അടച്ചശേഷം തട്ടിപ്പു നടത്തിയിട്ടു രസീത് കൊണ്ടുവരാൻ ജനങ്ങളോടു പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. എന്തു ധാർഷ്ട്യവും അഴിമതിയും കാട്ടിയാലും ഇവരെ സംരക്ഷിക്കുന്ന ഭരണകക്ഷിയുടെ നിലപാടാണ് അഴിമതി വർധിക്കാൻ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോർപ്പറേഷനിൽ കെട്ടിടനികുതി അടച്ചവർക്ക് വീണ്ടും അടയ്ക്കേണ്ടിവരില്ലെന്ന്‌ മന്ത്രി കെ. രാധാകൃഷ്ണൻ ആവർത്തിച്ചു. രസീത് ഉള്ളവർക്കു മാത്രമല്ല, സോണൽ ഓഫീസ് രേഖകളുള്ളവർക്കും വീണ്ടും നികുതി നൽകേണ്ടതില്ല. ഇവർക്ക് ഒരു ആശങ്കയ്ക്കും വകയില്ല. കോർപ്പറേഷനിൽ അഴിമതി നടന്നുവെന്നത് ശരിയാണ്. നേമം സോണലിൽ 26.74 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി. ശ്രീകാര്യം സോണലിൽ 5.12 ലക്ഷത്തിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടു ഒരാളും ആറ്റിപ്രയിലെ 1.09 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാളും പിടിയിലായെന്നും മന്ത്രി പറഞ്ഞു. ഈ കേസിൽ 13 പേരെ സസ്‌പെൻഡ് ചെയ്തതായും മന്ത്രി അറിയിച്ചു.

കോർപ്പറേഷനിലെ അഴിമതികളെക്കുറിച്ചു പറയുന്നതിനിടയിൽ മുൻ മേയർമാരായ മന്ത്രി വി.ശിവൻകുട്ടിയും പി.എസ്.പ്രശാന്തും മേയറെ പ്രതിരോധിക്കാൻ എഴുന്നേറ്റെങ്കിലും ബഹളമുണ്ടായതോടെ ഇരുന്നു. അഴിമതിക്കാരെ നിങ്ങളാണ് സംരക്ഷിക്കുന്നതെന്നു ശിവൻകുട്ടിയടക്കമുള്ളവരെ ചൂണ്ടി പ്രതിപക്ഷ നേതാവ് പറഞ്ഞതോടെ അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല. കോർപ്പറേഷനെക്കുറിച്ച് പ്രതിപക്ഷ നേതാവ് അവാസ്തവമായ കാര്യങ്ങളാണു പറയുന്നതെന്നു മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.

കോർപ്പറേഷൻ അഴിമതി കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും തദ്ദേശ വകുപ്പു മന്ത്രിക്കു വേണ്ടി നിയമസഭയിൽ മറുപടി നൽകിയ മന്ത്രി കെ.രാധാകൃഷ്ണനും ഉറപ്പുനൽകി.