തൃശ്ശൂർ: ബി.എസ്.സി. നഴ്സിങ് കഴിഞ്ഞ് തൃശ്ശൂരിലെ ആശുപത്രിയിൽ പ്രായോഗിക പരീശീലനം നടത്തുന്ന നിഥിനോട് മുതിർന്ന നഴ്സ് പറഞ്ഞു- അതീവശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ് നഴ്സിങ്. പത്തിരുപതുവർഷം മുമ്പ് തൃശ്ശൂരിലെ ഒരു ആശുപത്രിയിൽ‍ നഴ്സിന്റെ അശ്രദ്ധ കാരണം വീട്ടമ്മയ്ക്ക് കൈപ്പത്തി നഷ്ടപ്പെട്ട സംഭവമുണ്ടായി. ആശുപത്രിക്കാർക്ക് നഷ്ടപരിഹാരവും നൽകേണ്ടി വന്നു.

ആ വീട്ടമ്മയെ അറിയുമോയെന്ന് നിഥിൻ തിരിച്ചുചോദിച്ചു. ഇല്ലെന്നായിരുന്നു മുതിർന്ന നഴ്സിന്റെ മറുപടി. കൈപ്പത്തി നഷ്ടപ്പെട്ട വീട്ടമ്മ എന്റെ അമ്മയാണ് എന്ന നിഥിന്റെ മറുപടി കേട്ട് അവർ ഞെട്ടി.

അക്കഥ പറഞ്ഞ് തൃശ്ശൂർ ഒളരി കടവാരത്തെ പുൽപ്പറമ്പിൽ വീട്ടിലിരുന്ന് ചിരിക്കുകയാണ് നിഥിനും 61-കാരിയായ അമ്മ സീനയും. സീനയുടെ വലത്തേ കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വന്ന സംഭവം നടന്നിട്ട് കൃത്യം 25 വർഷം. ചികിത്സാപ്പിഴ വരുത്തിയ ആശുപത്രിക്കെതിരായ േകസിൽ അഞ്ചുലക്ഷം നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി വിധി വന്നിരുന്നു.

കേസും ചികിത്സയും നടത്താൻ പണമില്ലാതായതോടെ ഭർത്താവ് രാജൻ കുറച്ചുകാലം വിദേശത്ത് ജോലിക്കായി പോയി. കൈപ്പത്തിയില്ലാത്ത വലതുകൈയും കൊണ്ടാണ് രണ്ടുമക്കളെ വളർത്തിയത്. കഞ്ഞിക്കലം ഉൗറ്റുന്നതിനിടെ പലതവണ കൈവഴുതി പൊള്ളലേറ്റിട്ടുണ്ട്. കിണറ്റിൽനിന്ന് ഒരു കൈകൊണ്ട് വെള്ളം കോരുന്പോൾ കരഞ്ഞിട്ടുണ്ട്. ഇതെല്ലാം കണ്ട് വളർന്ന നിഥിൻ അന്നേ തീരുമാനച്ചതാണ്, നഴ്സ് ആവണമെന്ന്. അബുദാബിയിൽ നഴ്സായിരുന്ന നിഥിൻ ഇപ്പോൾ നാട്ടിൽ അമ്മയോടൊപ്പമുണ്ട്. നിഥിന്റെ സഹോദരി അതുല്യ ഭർത്താവിനോടൊപ്പം അബുദാബിയിലാണ്.

തൃശ്ശൂർ കോർപ്പറേഷൻ രൂപവത്കരിക്കപ്പെട്ടപ്പോൾ ആദ്യ കൗൺസിലിൽ അംഗമായിരുന്നു സി.പി.എം. പ്രവർത്തകനായിരുന്ന രാജൻ. കൗൺസിലറായിരിക്കേ 2008-ൽ രാജൻ മരിച്ചു.