ബേഡഡുക്ക: പെൺകുട്ടിയുടെ അർധനഗ്നചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മലപ്പുറം സ്വദേശിയായ യുവാവിനെ ബേഡകം പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. മലപ്പുറം വാഴക്കാട് ചെറുവായൂർ മട്ടുപുറത്തു വീട്ടിൽ എം. അനുകൃഷ്ണൻ എന്ന കിച്ചു (23) വിനെയാണ് ബേഡകം പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ്, പോലീസുകാരായ പ്രദീപ് കുമാർ, ഹരീഷ് കടവത്ത് എന്നിവർ മലപ്പുറം വാഴക്കാട്ടുനിന്ന് അറസ്റ്റ് ചെയ്തത്.

ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ 17-കാരിയുടെ പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയെ സാമൂഹികമാധ്യമംവഴി പരിചയപ്പെട്ടാണ് ഇയാൾ അർധനഗ്നചിത്രം കൈക്കലാക്കിയത്. മാർച്ച് 26-നാണ് ചിത്രം പ്രചരിപ്പിച്ചത്. തുടർന്നും പ്രചരിപ്പിക്കുന്നതിനായി ഇയാൾ ചിത്രം ഫോണിൽ സൂക്ഷിച്ചിരുന്നു. പോലീസ് സൈബർ സെല്ളിന്റെ സഹായത്തോടെ അന്വേഷണം നടത്തിയാണ് ഇയാളെ കുടുക്കിയത്. കാസർകോട് കോടതി നവംബർ 10 വരെ റിമാൻഡ് ചെയ്ത പ്രതിയെ കാഞ്ഞങ്ങാട് സബ് ജയിലിലാക്കി.