തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ള എല്ലാ രേഖകളും ഉടൻ ഹാജരാക്കണമെന്ന് കോടതി. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും രേഖകൾ ഹാജരാക്കാനായിരുന്നു കോടതി നിർദേശിച്ചത്. തുടർന്ന് പോലീസ് അത് അവഗണിച്ചപ്പോഴാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് അനീസ, പോലീസിനു കർശന നിർദേശം നൽകിയത്.

കേസിലെ നിർണായക തെളിവായ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ. ആണ് പോലീസ് ഹാജരാക്കാത്തത്.

ഇവയുടെ പകർപ്പു വേണമെന്നാണ് പ്രതികൾ കോടതിയോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. കോടതിനിർദേശം ഉണ്ടായിട്ടും ഇതുവരെയും പോലീസ് ഈ രേഖകൾ കോടതിയിൽ ഹാജരാക്കിയില്ല. തുടർന്ന് ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ പ്രതികൾ ഇതേ ആവശ്യമുന്നയിച്ച് കോടതിയിൽ ഹർജി നൽകി.

കേസ് ചൊവ്വാഴ്ച പരിഗണിച്ചപ്പോൾ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയിൽ ഹാജരായിരുന്നില്ല. അഭിഭാഷകർ മുഖേനയാണ് ഇരുവരും രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി കോടതിയിൽ നൽകിയത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം.ബഷീർ കൊല്ലപ്പെട്ടത്. മ്യൂസിയം റോഡിൽ പബ്ളിക് ഓഫീസിനു സമീപം തന്റെ ബൈക്കിലിരുന്ന് ഫോൺ ചെയ്യുന്നതിനിടെയാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ബഷീറിനെ ഇടിച്ചുതെറിപ്പിച്ചത്. അമിതമായി മദ്യപിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്തായ വഫ ഫിറോസിനൊപ്പം അവരുടെ പ്രേരണയിൽ അമിത വേഗത്തിൽ കാർ ഓടിച്ചു എന്നാണ് പോലീസ് കേസ്.