കൊച്ചി: ഫാഷൻ ഗോൾഡ്‌ മഹൽ നിക്ഷേപത്തട്ടിപ്പു കേസിൽ മഞ്ചേശ്വരം എം.എൽ.എ.ക്കെതിരായ കേസ്‌ റദ്ദാക്കണമെന്ന ആവശ്യം തള്ളണമെന്ന്‌ സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. നിക്ഷേപകരെ അതിനു പ്രേരിപ്പിക്കുകയായിരുന്നെന്നും അതുവഴി കബളിപ്പിച്ചെന്നുമാണ്‌ കേസ്‌.

തന്റെ പേരിൽ പോലീസെടുത്ത കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ കമറുദ്ദീൻ എം.എൽ.എ. നൽകിയ ഹർജിയിലാണ്‌ സർക്കാർ എതിർപ്പറിയിച്ചത്‌. താൻ സ്ഥാപനത്തിലെ എം.ഡി.യല്ല ഡയറക്ടർ മാത്രമാണ്‌. ശമ്പളം സ്വീകരിച്ചിരുന്നുമില്ല. അതിനാൽ കേസ്‌ നിലനിൽക്കില്ലെന്നാണ്‌ എം.എൽ.എ.യുടെ വാദം.

സർക്കാരിന്റെ എതിർപ്പിന്‌ മറുപടിക്ക്‌ സമയം നൽകി ഹർജി അടുത്ത ആഴ്ചയിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. ഹർജിക്കാരനാണ്‌ ഏറ്റവും വലിയ നിക്ഷേപകനെന്ന്‌ പോലീസിന്റെ എതിർപ്പിൽ പറയുന്നു. 33 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്‌. സ്ഥാപനത്തിൽ എല്ലാ കാലത്തും ഡയറക്ടറായിരുന്നു. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം നൽകിയിരുന്നെന്ന്‌ മൊഴിയുണ്ട്‌.

കാസർകോട്‌ ജില്ലയിൽ മാത്രം 71 കേസുകളുണ്ട്‌. കണ്ണൂർ ജില്ലയിൽ 13 കേസുണ്ട്‌. അന്വേഷണോദ്യോഗസ്ഥൻ കമ്പനികളുടെ രജിസ്‌ട്രാറോട്‌ അന്വേഷിച്ച വിവരങ്ങൾ കിട്ടാനുണ്ട്‌. സംഭവത്തിൽ വിശദ പരിശോധന തടസ്സമില്ലാതെ തുടരേണ്ടതുണ്ടെന്നും പോലീസ്‌ പറയുന്നു.