കണ്ണൂർ: മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി എം.എൽ.എ.യ്ക്കെതിരായ വധഭീഷണിയെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ ഡിവൈ.എസ്.പി. പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ് സംഘം. ജില്ലാ പോലീസ് മേധാവി നേരിട്ട് മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ വളപട്ടണം ഇൻസ്പക്ടർ പി.ആർ. മനോജും സൈബർ പോലീസിലെ വിദഗ്ധരും ഉൾപ്പെടും.

പരാതിക്കാരനായ കെ.എം. ഷാജിയുടെ മൊഴിയെടുത്തതിനപ്പുറത്തേക്ക് കേസന്വേഷണം നീങ്ങിയിട്ടില്ല. പ്രതിയെന്നുകരുതുന്ന പാപ്പിനിശ്ശേരി കരിക്കിൻകുളം സ്വദേശി തേജസിനെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. തേജസ് തലശ്ശേരി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതും പോലീസ് അന്വേഷണത്തെ തടസ്സപ്പെടുത്തുന്നുണ്ട്.

ഷാജിയെ വധിക്കാൻ മുംബൈയിലെ അധോലോകസംഘത്തിന് ക്വട്ടേഷൻ നൽകുന്നതായുള്ള സന്ദേശമാണ് അദ്ദേഹത്തിന്റെ മെയിലിലേക്ക് എത്തിയത്. ഭീഷണിസന്ദേശം വന്ന ഇ-മെയിലുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘ട്രൂത്ത് റിപ്പോർട്ടർ4@ജിമെയിൽ ഡോട് കോം’ എന്ന ഇ-മെയിൽ വിലാസത്തിൽനിന്നായിരുന്നു ഭീഷണി. ഇതിന്റെ വിശദാംശങ്ങൾ അറിയിക്കാനുള്ള അപേക്ഷ ഗൂഗിളിന് നൽകിയിട്ടുണ്ട്. ഭീഷണിസന്ദേശം അയയ്ക്കാൻ മാത്രം ഉണ്ടാക്കിയ ഇ-മെയിൽ വിലാസമാണിതെന്നാണ് കരുതുന്നത്.