കൊച്ചി: ജല മെട്രോ സര്‍വീസ് ഈ വർഷവും ഉണ്ടാകില്ല. അഞ്ച്‌ ബോട്ടുകളും ആറ്‌ ബോട്ട് ജെട്ടികളുമായി അടുത്ത മാര്‍ച്ചില്‍ ജല മെട്രോയുടെ സര്‍വീസ് തുടങ്ങാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ഡിസംബറില്‍ സര്‍വീസെന്നായിരുന്നു മുന്‍ പ്രഖ്യാപനം.

ബോട്ടുകളുടെയും ജെട്ടികളുടെയും എണ്ണം കൂടിയതാണ് സര്‍വീസ് വൈകുന്നതിന് കാരണമായി പറയുന്നത്. ആദ്യം ഒരു ബോട്ടുപയോഗിച്ച് സര്‍വീസ് തുടങ്ങാനാണ് ഉദ്ദേശിച്ചിരുന്നത്. ജല മെട്രോയുടെ ആദ്യ റൂട്ടിന്റെയും ടെര്‍മിനലിന്റെയും ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്തിയിരുന്നു. അഞ്ചാഴ്ചയ്ക്കകം സര്‍വീസെന്നും അന്ന് പ്രഖ്യാപനമുണ്ടായി. പിന്നീടിത് ഡിസംബറിലേക്ക് നീട്ടി.

വൈറ്റില-കാക്കനാട് റൂട്ടിലായിരുന്നു സര്‍വീസ് തുടങ്ങാൻ ലക്ഷ്യമിട്ടത്. ഇവിടേയ്ക്കുള്ള ബോട്ടിന്റെ നിര്‍മാണം കൊച്ചി കപ്പല്‍ശാലയില്‍ പൂര്‍ത്തിയായിട്ടുണ്ട്. പരീക്ഷണ ഓട്ടവും പൂര്‍ത്തിയാക്കി. എന്നാല്‍, കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് ലക്ഷ്യമിട്ടതോടെ ആദ്യഘട്ടത്തിലെ ബോട്ടുകളുടെ എണ്ണം അഞ്ചായി ഉയരുകയായിരുന്നു.

ബോട്ടുജെട്ടികള്‍ ഇവ

വൈറ്റില, കാക്കനാട്, ഹൈക്കോടതി, ബോള്‍ഗാട്ടി, വൈപ്പിന്‍, തെക്കന്‍ ചിറ്റൂർ എന്നിവിടങ്ങളിലാണ് ആദ്യം ബോട്ടുജെട്ടികൾ ഒരുങ്ങുന്നത്. അടുത്ത മാര്‍ച്ചോടെ ഈ ജെട്ടികള്‍ സജ്ജമാകുമെന്ന് അധികൃതര്‍ പറയുന്നു.

ജല മെട്രോ

മെട്രോയ്ക്ക് അനുബന്ധമായി നടപ്പാക്കുന്ന പദ്ധതിയാണിത്. മെട്രോ എത്താത്ത സ്ഥലങ്ങളിലേക്ക് അതേ നിലവാരത്തിലുള്ള ഗതാഗത സംവിധാനമാണ് ലക്ഷ്യമിടുന്നത്. കൊച്ചി നഗരവുമായി ചേര്‍ന്നുകിടക്കുന്ന പത്ത്‌ ദ്വീപുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം കിട്ടും.

അത്യാധുനിക ബോട്ടുകളും ടെര്‍മിനലുകളുമാണ് ഉദ്ദേശിക്കുന്നത്. 38 ടെര്‍മിനലുകളുണ്ടാകും. 78 ബോട്ടുകളും. ജര്‍മന്‍ ബാങ്കായ കെ.എഫ്.ഡബ്ല്യുവില്‍ നിന്ന് വായ്പയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. 747 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.