ആലപ്പുഴ: എ.ടി.എം. കാർഡ് മാതൃകയിലുള്ള സ്മാർട്ട് റേഷൻ കാർഡ് വിതരണം പ്രതിസന്ധിയിൽ. റേഷൻ കാർഡ് അച്ചടിക്കാനുള്ള പി.വി.സി. കാർഡ് പ്രിന്റർ പകുതിയിലധികം അക്ഷയകേന്ദ്രങ്ങളിലും ഇല്ല. സ്മാർട്ട് റേഷൻ കാർഡ് തേടി കൂടുതൽ ആളുകൾ എത്തിയതോടെ അക്ഷയ കേന്ദ്രങ്ങൾ കൂട്ടത്തോടെ പ്രിന്ററുകൾക്ക് ഓർഡർ നൽകി. ഇതോടെ കമ്പനികൾ പ്രിന്ററുകൾക്കു വിലകൂട്ടിയതും തിരിച്ചടിയായി.

ഏതാനും മാസം മുൻപുവരെ 59,000 രൂപയ്ക്കു ലഭിച്ചുകൊണ്ടിരുന്ന പ്രിന്ററിന് ഇപ്പോൾ 65,000 മുതൽ 77,000 രൂപവരെയായി. ഇത്രയധികം രൂപ ചെലവഴിച്ച്‌ പ്രിന്ററുകൾ വാങ്ങിയാൽ കനത്ത നഷ്ടമുണ്ടാകുമെന്നതിനാൽ ചില അക്ഷയ കേന്ദ്രങ്ങൾ കാർഡ് അച്ചടിയിൽനിന്നു പിന്മാറിയിരിക്കുകയാണിപ്പോൾ.

നിലവിൽ കാർഡ് അച്ചടിക്കുന്നതിന്‌ 65 രൂപയാണ് അക്ഷയകേന്ദ്രങ്ങൾക്ക് ഈടാക്കാനാവുക. റേഷൻ കാർഡ് അച്ചടിക്കേണ്ട പി.വി.സി. കാർഡിന്റെ വിലയും ഉയർന്നു. അഞ്ചുരൂപയുണ്ടായിരുന്ന കാർഡിന് ഏഴുരൂപയായി.

സംസ്ഥാനത്തെ 2,863 അക്ഷയകേന്ദ്രങ്ങളിൽ 1,200-ൽപ്പരം ഇടങ്ങളിൽ മാത്രമാണു പി.വി.സി. കാർഡ് പ്രിന്ററുള്ളത്. അതുകൊണ്ടുതന്നെ ഗ്രാമീണ മേഖലയിലുൾപ്പെടെ പലയിടത്തും സ്മാർട്ട് റേഷൻ കാർഡ് ലഭ്യമാകാത്ത സ്ഥിതിയാണ്.

നവംബർ ആദ്യവാരമാണ് സ്മാർട്ട് റേഷൻ കാർഡ് വിതരണം സംസ്ഥാനത്ത് ആരംഭിച്ചത്. അക്ഷയകേന്ദ്രങ്ങൾക്കുമാത്രമാണ്‌ കാർഡ് അച്ചടിക്ക്‌ അനുമതി. കൂടാതെ പൊതുവിതരണവകുപ്പിന്റെ വെബ്സൈറ്റിലെ സിറ്റിസൻ ലോഗിൻ വഴി കാർഡുടമകൾക്കു നേരിട്ട് എ.ടി.എം. റേഷൻകാർഡിന് അപേക്ഷിക്കാം.

അക്ഷയകേന്ദ്രങ്ങളിൽ അച്ചടിയന്ത്രങ്ങൾക്കു ക്ഷാമമുള്ളതിനാൽ, കാർഡുടമകൾ പി.ഡി.എഫ്. സ്വകാര്യ കംപ്യൂട്ടർ സ്ഥാപനങ്ങളിലേക്ക് അയച്ചുകൊടുത്ത് പ്രിന്റെടുത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ, സർക്കാർ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ നിരക്കു ചില സ്ഥാപനങ്ങൾ ഈടാക്കുന്നുണ്ടെന്നു പരാതിയുണ്ട്.

ഇടനിലക്കാരെ ഒഴിവാക്കി അച്ചടിയന്ത്രമെത്തിക്കാൻ ശ്രമം

സ്മാർട്ട് റേഷൻ കാർഡ് അച്ചടിക്കാനുള്ള പി.വി.സി. കാർഡ് പ്രിന്റർ ഇടനിലക്കാരെ ഒഴിവാക്കി സംസ്ഥാനത്ത് എത്തിക്കാനാണ് അക്ഷയ കേന്ദ്രങ്ങളുടെ കൂട്ടായ്മയായ അക്ഷയ ന്യൂസ് കേരളയുടെ ശ്രമം. ബെംഗളൂരുവിൽ പോയി കമ്പനികളുമായി നേരിട്ടു ചർച്ച നടത്തിയാണു യന്ത്രങ്ങൾ വാങ്ങി സംരംഭകർക്കു നൽകുന്നത്. 60,000 രൂപയ്ക്കു ഗുണമേന്മയുള്ള യന്ത്രങ്ങൾ നൽകാനാകുന്നുണ്ടെന്ന്‌ അക്ഷയ ന്യൂസ് കേരള ഡയറക്ടർ ജെ. സ്റ്റീഫൻ പറഞ്ഞു.