ആലപ്പുഴ: ജോലിനേടാൻ കുടുംബശ്രീ നടത്തിവരുന്ന സൗജന്യ നൈപുണ്യ പരിശീലനം വീണ്ടും സജീവമാകുന്നു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണു പരിശീലനം പുനരാരംഭിക്കുന്നത്‌.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത നൈപുണ്യ പരിശീലന പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന, ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ എംപ്ലോയ്‌മെന്റ് ത്രൂ സ്‌കിൽ ട്രെയിനിങ് ആൻഡ് പ്ലേസ്‌മെന്റ്(എൻ.യു.എൽ.എം.), കേരളസർക്കാരിന്റെ ‘യുവകേരളം’ എന്നിവയാണു പദ്ധതികൾ.

ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന

18 മുതൽ 35 വയസ്സുവരെയുള്ള, ഗ്രാമീണമേഖലയിലെ നിർധനരായവർക്കുള്ളതാണ് ഈ പദ്ധതി. സ്ത്രീകൾ, അംഗപരിമിതർ, പ്രാക്തന ഗോത്രവിഭാഗത്തിൽപ്പെട്ട ആദിവാസികൾ തുടങ്ങിയവർക്ക് 45 വയസ്സുവരെ ഇളവുണ്ട്. 177 നിർവഹണ ഏജൻസികൾ വഴിയാണു പരിശീലനം. ഇതുവരെ 69,121 പേർ പദ്ധതിയുടെ ഭാഗമായി. അതിൽ 56,670 പേർ പരിശീലനം പൂർത്തിയാക്കി. 42,681 പേർക്കു വിദേശരാജ്യങ്ങളിലടക്കം ജോലി ലഭിച്ചു.

യുവകേരള

ഗ്രാമീണ- നഗരമേഖലകളിലെ 10,000 യുവതീയുവാക്കൾക്കു സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നതാണു കുടുംബശ്രീയുടെ തനതുപദ്ധതിയായ ‘യുവകേരള’. ഇതുവരെ 2,923 പേർ രജിസ്റ്റർചെയ്തതിൽ 1,276 പേർ പരിശീലനം പൂർത്തിയാക്കി. 937 പേർക്കു ജോലികിട്ടി.

എൻ.യു.എൽ.എം.

നഗരങ്ങളിലെ ദരിദ്രരായ 18 മുതൽ 35 വയസ്സുവരെയുള്ളവർക്കാണു സൗജന്യ തൊഴിൽപരിശീലനം നൽകുന്നത്. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ്, ഇലക്‌ട്രോണിക്‌സ്, കൺസ്ട്രക്ഷൻ, ആരോഗ്യം, ലൊജിസ്റ്റിക്‌സ് എന്നിങ്ങനെയുള്ള എട്ടുമേഖലകളിൽ അവസരമുണ്ട്. ആകെ 20,983 പേർക്കു പരിശീലനം നൽകി. പരിശീലനം പൂർത്തിയാക്കിയ 16,218 പേരിൽ 10,601 പേർക്കു ജോലി ലഭിച്ചു.