കൊച്ചി: എൽ.എൽ.ബി. അഡ്മിഷനിൽ സർക്കാർ കോളേജുകളിലേക്ക് അവസരം ലഭിക്കാതെ ഉയർന്ന റാങ്ക് ലഭിച്ച വിദ്യാർഥികൾ. സ്പോട്ട് അഡ്മിഷൻ അവസാനിച്ചു എന്ന് കരുതി സ്വാശ്രയ കോളേജുകളിൽ അഡ്മിഷൻ നേടിയതാണ് ഇവർക്ക് വിനയായത്. പുതിയ ഉത്തരവ് പ്രകാരം ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്ത വിദ്യാർഥികളെ മാത്രമേ പുതിയ സ്പോട്ട് അഡ്മിഷന് പരിഗണിക്കാൻ പാടുള്ളൂ എന്നാണ് നിർദേശം.
എൽ.എൽ.ബി. ത്രിവത്സര, പഞ്ചവത്സര കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്റെ ഭാഗമായി മൂന്ന് അലോട്ട്‌മെന്റുകൾ നടത്തുകയും തുടർന്ന് കഴിഞ്ഞ മാസം സ്പോട്ട് അഡ്മിഷൻ നടത്തുകയും ചെയ്തു. ഒഴിവുകൾ ഒക്ടോബർ 31-നു മുന്നേ സ്പോട്ട് അഡ്മിഷൻ മുഖേന നികത്തണമെന്നായിരുന്നു പരീക്ഷാ കമ്മിഷണറുടെ നിർദേശം. സ്പോട്ട് അഡ്മിഷനിലും സർക്കാർ ലോ കോളേജുകളിലും അഡ്മിഷൻ ലഭിക്കാതെയായതോടെ വിദ്യാർഥികൾ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ അഡ്മിഷൻ നേടി.
എന്നാൽ ഇതിനുശേഷമാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അധികമായി 10 ശതമാനം സീറ്റുകൾ കൂടി അനുവദിക്കുന്നത്. എന്നാൽ ഇതിന്റെ അഡ്മിഷൻ നടപടിക്കായി ഒക്ടോബർ 13-നു വന്ന എൻട്രൻസ് കമ്മിഷണറുടെ ഉത്തരവു പ്രകാരം നിലവിൽ അഡ്മിഷൻ എടുത്തവർക്ക് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാനാവില്ല.
ഇതോടെ ഉയർന്ന റാങ്കുണ്ടായിട്ടും അഡ്മിഷൻ അവസാനിച്ചു എന്നു കരുതി സ്വാശ്രയ കോളേജുകളിൽ അഡ്മിഷൻ വാങ്ങിയവർക്ക് അപേക്ഷിക്കാനായില്ല. തങ്ങൾ നിലവിലെടുത്തിരിക്കുന്ന അഡ്മിഷൻ നടപടികൾ അവസാനിപ്പിച്ചു വന്നാൽ പരിഗണിക്കുമോ എന്ന് ഇവർ അതത് സർക്കാർ ലോ കോളേജുകളിൽ തിരക്കിയെങ്കിലും, ഇതിന് സാധിക്കില്ലെന്നായിരുന്നു മറുപടി.
തങ്ങളെക്കാൾ റാങ്കിൽ പിന്നിലുള്ളവർക്ക് അഡ്മിഷൻ ലഭിച്ചതോടെയാണ് വിദ്യാർഥികൾ പരാതിയുമായി എത്തിയത്. അഡ്മിഷന് ഉത്തരവാദിത്വമുള്ള പ്രിൻസിപ്പൽമാരെ കണ്ട് നേരിട്ടും രേഖാമൂലവും പരാതി അറിയിച്ചെങ്കിലും നിർദേശമുള്ളതിനാൽ സാധ്യമല്ലെന്നാണ് മറുപടി ലഭിക്കുന്നത്.
നിലവിൽ നടക്കുന്ന സ്പോട്ട് അഡ്മിഷൻ നടപടികൾ റദ്ദാക്കി തങ്ങളെ കൂടി ഉൾപ്പെടുത്തി മെറിറ്റ് പ്രകാരം അഡ്മിഷൻ നടത്തണമെന്നാണ് ആവശ്യം. 30-ന് സ്പോട്ട് അഡ്മിഷൻ നടപടികൾ അവസാനിക്കും. ഇതിനു മുമ്പ് ഇതിന് പരിഹാരമുണ്ടാകുമെന്നാണ് ഇവർ കരുതുന്നത്.