തൃശ്ശൂർ/കിഴക്കമ്പലം: മദ്യം കിട്ടാത്തതിൽ മനംനൊന്ത് തൃശ്ശൂർ, എറണാകുളം ജില്ലകളിലായി രണ്ടുപേർ ആത്മഹത്യ ചെയ്തു. ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. കേച്ചേരി തൂവാനൂർ കുളങ്ങര വീട്ടിൽ മോഹനന്റെ മകൻ സനോജ് (38), പെരിങ്ങാല ചായിക്കാര പുളിക്കൽ മുരളി (44) എന്നിവരാണു മരിച്ചത്.

പെയിൻറിങ് തൊഴിലാളിയായ സനോജ് രണ്ടുദിവസമായി മദ്യം കിട്ടാത്തതിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു. അമ്മ ജാനകിക്ക് ശാരീരികാസ്വസ്ഥതകളെത്തുടർന്ന് കഴിഞ്ഞദിവസം ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയിരുന്നു. എന്നാൽ, സനോജിന്റെ അസ്വസ്ഥതകൾ ഇവരുടെ ശ്രദ്ധയിൽപ്പെടുത്തിയില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരൻ ജയനാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസിന്റെ അന്വേഷണത്തിലും ഇയാൾ മദ്യാസക്തിയുള്ളയാളാണെന്ന വിവരമാണുള്ളത്.

തെങ്ങുകയറ്റ തൊഴിലാളിയായ മുരളി വെള്ളിയാഴ്ച സന്ധ്യയ്ക്കാണു മരിച്ചത്. സ്ഥിരം മദ്യം കഴിക്കാറുള്ളയാളാണെന്ന് നാട്ടുകാർ പറഞ്ഞു. ഭാര്യയും മകനും വീട്ടിൽനിന്ന് ഒരുവർഷമായി മാറിത്താമസിക്കുകയാണ്. ഇതോടെ ഒറ്റയ്ക്കായിരുന്നു താമസം.

വെള്ളിയാഴ്ച കരിമുകളിലെ ബാറിലും പുത്തൻകുരിശ് ബെവ്കോ ഷോപ്പിനു മുന്നിലെത്തിയും മദ്യത്തിനായി ബഹളമുണ്ടാക്കിയിരുന്നതായി വിവരം ലഭിച്ചതായി പഞ്ചായത്തംഗം പത്മകുമാരി വിശ്വനാഥൻ പറഞ്ഞു. വൈകീട്ട് ഇയാളെ കാണാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭാര്യ: നിർമല. മകൻ: അലേഷ്.