തിരുവനന്തപുരം: സംസ്ഥാനത്താകെ 4603 ക്യാമ്പുകളിലായി തൊഴിൽവകുപ്പ് സംരക്ഷണമൊരുക്കുന്നത് മറ്റുസംസ്ഥാനക്കാരായ 1,44,145 തൊഴിലാളികൾക്ക്. സംസ്ഥാനത്താകെ ഇതുവരെ 4603 അതിഥിത്തൊഴിലാളി ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പുകളിലെല്ലാം എല്ലാ പരിശോധനകളും തൊഴിൽവകുപ്പ് ഇതിനോടകം നടത്തിക്കഴിഞ്ഞു. എല്ലാ ക്യാമ്പുകളിലും മുഖാവരണങ്ങളും സോപ്പുകളും സാനിറ്റൈസറുകളും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു.

കൊറോണബാധയെ എങ്ങനെ പ്രതിരോധിക്കാമെന്നതിൽ ഹിന്ദി, ഒഡിയ, ബംഗാളി ഭാഷകളിൽ ബ്രോഷറുകളും ലഘുലേഖകളും നൽകും. ലഘു വീഡിയോകൾ പ്രദർശിപ്പിക്കുന്നുമുണ്ട്. ഹിന്ദി കൈകാര്യംചെയ്യുന്ന ആരോഗ്യപ്രവർത്തകരെ ഉപയോഗപ്പെടുത്തിയും അവബോധ പ്രചാരണങ്ങൾക്ക് തൊഴിൽവകുപ്പ് നടപടി സ്വീകരിച്ചുകഴിഞ്ഞു.

തൃശ്ശൂർ ജില്ലയിലെ കൊണ്ടാഴിയിൽ ഒരു അതിഥിത്തൊഴിലാളിയെ മെഡിക്കൽകോേളജിൽ ഐസൊലേഷനിൽ പാർപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ 11 പേരുടെ സ്രവം പരിശോധനയ്ക്കു നൽകിയിട്ടുണ്ട്. തൃശ്ശൂരിലെ ചൂണ്ടൽ പഞ്ചായത്തിൽ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കും വയനാട്ടിൽ മൂന്ന് അതിഥിത്തൊഴിലാളികൾക്കും പനി ബാധിച്ചുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത് പരിശോധനയിലാണ്.

സർക്കാർ ആരംഭിച്ചിട്ടുള്ള കമ്യൂണിറ്റി കിച്ചൺ വഴിയും തൊഴിലുടമകൾ വഴിയും മറ്റുമാർഗങ്ങൾ ഉപയോഗപ്പെടുത്തിയും അതിഥിത്തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കും.