തിരുവനന്തപുരം: കേരളത്തിൽ കോവിഡ്-19ന്റെ കേന്ദ്രബിന്ദുവായി കാസർകോട് മാറിയ സാഹചര്യത്തിൽ അവിടെ അടിയന്തരശ്രദ്ധ പതിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്കു കത്തുനൽകി.

താരതമ്യേന ആരോഗ്യ സൗകര്യങ്ങൾ കുറവുള്ള കാസർകോട് ജില്ലയിലെ ജനങ്ങൾ വിദഗ്‌ധ ചികിത്സയ്ക്കു മുഖ്യമായും ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. കാസർകോട് ജില്ലയിലെ 10 പഞ്ചായത്തുകളെങ്കിലും കാസർകോടിനേക്കാൾ കൂടുതൽ ബന്ധപ്പെടുന്നത് മംഗലാപുരം ജില്ലയിലെ നഗരങ്ങളെയാണ്.

കോവിഡ്-19ന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കർണാടക ഗവണ്മെന്റ് കേരള അതിർത്തി അടച്ചിരിക്കുന്നത് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത് കാസർകോട് ജില്ലയിലെ രോഗികളെയും ജനങ്ങളെയുമാണ്. ജില്ലയിലെ മുഴുവൻ കോവിഡ് രോഗികളെയും കാസർകോട് ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ രോഗികളുള്ള ആശുപത്രിയെന്ന നിലയിൽ കൂടിയ പരിഗണന സർക്കാർ ഈ ആശുപത്രിക്കു നൽകണം. ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം.

പഞ്ചായത്ത്-മുനിസിപ്പാലിറ്റി വാർഡുകളിൽ മെമ്പർമാർ അധ്യക്ഷന്മാരായി ജാഗ്രതാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജനജാഗ്രതാ കമ്മിറ്റി ചെയർമാനെയും മെമ്പർമാരെയും പ്രവർത്തകരെയും പലയിടത്തും പോലീസ് തടയുന്നതായി പരാതിയുണ്ട്. അതിനും അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.