തിരുവനന്തപുരം: മാർച്ച് 31-നുമുമ്പ് അസസ്‌മെന്റ് പൂർത്തിയാക്കാൻ നോട്ടീസ് ലഭിച്ച വ്യാപാരികൾക്ക് മറുപടിനൽകാനും രേഖകൾ ഹാജരാക്കാനും തങ്ങളുടെ ഭാഗം അവതരിപ്പിക്കാനുമുള്ള അവസാന തീയതി നീട്ടി.

മൂല്യവർധിത നികുതി, ആഡംബര നികുതി, കേന്ദ്ര വിൽപ്പന നികുതി, കേരള പൊതുവിൽപ്പന നികുതി എന്നീ നിയമങ്ങൾപ്രകാരം നോട്ടീസ് ലഭിച്ചവർക്കാണ് ഈ അവസരം ലഭിക്കുക. സമയപരിധി നിർണയിച്ച അസസ്‌മെന്റുകൾ പൂർത്തിയാക്കാൻ നിലവിൽ നോട്ടീസ് ലഭിച്ചിട്ടുള്ള ആയിരത്തഞ്ഞൂറോളം വ്യാപാരികൾക്ക് ഈതീരുമാനം ആശ്വാസമാകും.

കൊറോണയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി സ്വമേധയാ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നികുതിവകുപ്പിന്റെ നടപടി. ഇതുസംബന്ധിച്ച് വ്യാപാരികൾക്കിടയിൽ പ്രചരിപ്പിക്കുന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് സംസ്ഥാന ചരക്ക്-സേവന നികുതി കമ്മിഷണർ വ്യക്തമാക്കി.