ഹരിപ്പാട്: തട്ടിവീഴ്‌ത്തിയ കാർ നിർത്താതെ പോയതിനാൽ റോഡരികിൽ വീണുകിടന്ന യുവാവ് രക്തംവാർന്ന് മരിച്ചു. താമല്ലാക്കൽ തെക്ക് അമ്പീത്തറയിൽ ഉത്തമന്റെ മകൻ അനീഷ് ഉത്തമൻ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചേ അഞ്ചുമണിയോടെ ദേശീയപാതയിൽ നാരകത്തറ ജങ്ഷന് വടക്കായിരുന്നു അപകടം.

അപകടസ്ഥലത്തുനിന്ന്‌ അതിവേഗത്തിൽ ഓടിച്ചുപോയകാർ ആലപ്പുഴ സൗത്ത് പോലീസിന്റെ വാഹന പരിശോധനയിലാണ് കുടുങ്ങിയത്. കാറിന്റെ മുൻഭാഗത്തെ ചില്ല് പൊട്ടിയിരുന്നു. ഇത് ശ്രദ്ധിച്ച പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ മുന്നിലെ ബമ്പറിൽ തോൾ ബാഗ് കുടുങ്ങിക്കിടക്കുന്നതു കണ്ടു. ഇതിൽ അനീഷിന്റെ പേരുണ്ടായിരുന്നു. ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് ഹരിപ്പാട് ഭാഗത്ത് അപകടത്തിൽപ്പെട്ട വിവരം പറയുന്നത്.

ആലപ്പുഴ പോലീസ് ഹരിപ്പാട് സ്റ്റേഷനുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിലാണ് കുറ്റിക്കാട്ടിലേക്ക് വീണനിലയിൽ അനീഷിനെ കണ്ടെത്തിയത്. ഗവ.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അപകടം കഴിഞ്ഞ് മുക്കാൽ മണിക്കൂറിനുശേഷമാണ് ആളിനെ കണ്ടെത്താൻ കഴിഞ്ഞത്. കാർ ഡ്രൈവർ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ അനീഷിനെ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

തൃശ്ശൂർ സ്വദേശി ടാക്‌സി ഡ്രൈവറാണ് കാർ ഓടിച്ചിരുന്നത്. തിരുവനന്തപുരത്തുപോയി മടങ്ങുകയായിരുന്നു. ഇയാളെ അറസ്റ്റുചെയ്തതായി പോലീസ് പറഞ്ഞു. എൻജിനിയറിങ് ബിരുദധാരിയായ അനീഷ് പത്രഏജൻറായ അച്ഛന്റെ പേരിലുള്ള പത്രക്കെട്ടുകൾ ഡാണാപ്പടിയിൽ നിന്നെടുത്ത് വിതരണം ചെയ്യുകയായിരുന്നു. ദേശിയപാതയ്ക്ക് വളവുള്ള ഭാഗത്തായിരുന്നു അപകടം. കാറിന്റെ അമിതവേഗമായിരിക്കാം അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. അമ്മ: പ്രമീള, സഹോദരി: അനീഷ