മലപ്പുറം: പറമ്പിൽ എപ്പോൾ വേണമെങ്കിലും ഇറുത്തെടുക്കാവുന്ന പച്ചക്കറികൾ. ഒന്നുകിളച്ചാൽ ചേനയും ചേമ്പും കാച്ചിലും. കൊയ്ത നെല്ല് കുത്തിയെടുത്ത അരി പത്തായത്തിലുണ്ട്. ആലയിൽ പാൽചുരത്തുന്ന പശുക്കൾ, കൂടു നിറയെ ആടുകളും കോഴികളും. കുളത്തിൽ താറാവുകളും മീനുകളും. മൂത്തുപഴുത്ത കാപ്പിക്കുരു പറിച്ചെടുക്കാറായിരിക്കുന്നു. പതിന്നാലേക്കർ പുരയിടത്തിൽ രണ്ടേക്കറോളം കാടും കുളങ്ങളും തോട്ടവുമായി കഴിയുന്ന ഒരു കുടുംബത്തെ കൊറോണക്കാലത്ത്‌ ഭക്ഷ്യക്ഷാമഭീഷണി അലട്ടുന്നേയില്ല. പുളിക്കൽ പഞ്ചായത്തിലെ അരൂര് പൂളക്കൽ മുക്കത്ത് ഇല്യാസാണ് ഈ കുടുംബത്തിന്റെ നാഥൻ.

മനുഷ്യരെപ്പോലെ പക്ഷികളും മൃഗങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പക്ഷക്കാരനാണ് ഇല്യാസും. ഇതിനായി വീടിനു പിന്നാമ്പുറത്ത് തെങ്ങുകൃഷി ചെയ്തിരുന്നിടം 30 വർഷംകൊണ്ട് കാടാക്കിമാറ്റി. തേക്ക്, വീട്ടി, മഹാഗണി തുടങ്ങിയ മരങ്ങൾ നട്ടു. പക്ഷികളും മൃഗങ്ങളും കാഷ്ഠിച്ചതിൽനിന്ന് വളർന്നുവന്നവ വേറെയും. നാനാജാതി പക്ഷികളുടെയും കുരങ്ങ് ഉൾപ്പെടെ മറ്റു ചെറുജീവികളുടെയും വിഹാരകേന്ദ്രമാണിവിടം. കായ്കളും കനികളും അവിടത്തെ അന്തേവാസികൾക്കു സ്വന്തം.

പാരമ്പര്യ കർഷകനായ അബ്ദുറഹ്മാൻകുട്ടി ഹാജിയുടെയും ഉമ്മയ്യക്കുട്ടിയുടെയും ഇളയ മകനായ ഇല്യാസിന്റെ പുരയിടത്തിൽ വിളയാത്ത പഴങ്ങളും പച്ചക്കറികളും കുറവാണ്. മാവും പ്ലാവും പലതരമുണ്ട്. റംബൂട്ടാൻ, ലിച്ചി, ദുരിയാൻ, മിറാക്കിൾ, ബറാബ, മധുരനാരങ്ങ തുടങ്ങി പേരറിയാത്ത ഫലവൃക്ഷങ്ങൾവരെ.

നാട്ടുപച്ചക്കറികൾക്കുപുറമേ കാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, കോളിഫ്ളവർ എന്നിവയും സുലഭം. എല്ലാം ജൈവം. ചീര, മുരിങ്ങ, പപ്പായ എന്നിവയൊക്കെ തേടി ആവശ്യക്കാർ വീട്ടിലെത്തും. ബാക്കിയുള്ളവ പരിസരത്തെ മാർക്കറ്റിലേക്കെത്തിക്കും. ജൈവ പച്ചക്കറി വിപണനം നടത്തുന്ന പല റെസിഡന്റ്‌സ് അസോസിയേഷനുകളും ഇല്യാസിനെ തേടിയെത്തുന്നു.

തനിമ എന്നപേരിൽ പാൽ പാക്കറ്റിലാക്കി വിൽക്കുന്നുമുണ്ട്. അഞ്ച് കുളങ്ങൾ, രണ്ട് കിണറുകൾ, രണ്ട് കുഴൽക്കിണറുകൾ എന്നിവയുണ്ട് ഈ പുരയിടത്തിൽ. ഒരു കുളത്തിൽനിറയെ മീനുകളാണ്. സ്ലറിയും കമ്പോസ്റ്റുമെല്ലാം വളമായി ഉപയോഗിക്കുന്നു.

1998-’99 വർഷത്തിൽ മികച്ച കർഷകനുള്ള സംസ്ഥാനസർക്കാർ അവാർഡ് ഇല്യാസിനെ തേടിയെത്തി. പുളിക്കൽ പഞ്ചായത്തിന്റെയും മലപ്പുറം ജില്ലാപഞ്ചായത്തിന്റെയും പുരസ്‌കാരങ്ങൾ വേറെയും. ഭാര്യ മൈമൂനയും മക്കളും വിദ്യാർഥികളുമായ ആയിഷ മന്ന, മസ്‌ന, അബ്ദുറഹ്മാൻ എന്നിവരും മണ്ണിനെയും മരങ്ങളെയും പ്രണയിച്ച് ഇല്യാസിനൊപ്പമുണ്ട്.