തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമില്ലാതെ കാക്കാൻ സഹകരണസംഘങ്ങൾക്ക് നിർദേശം നൽകി. നിർമാണ യൂണിറ്റുകൾ തടസ്സമില്ലാതെ പ്രവർത്തിക്കാനും ജീവനക്കാരെ സുരക്ഷിതമായി വിന്യസിപ്പിക്കാനുമാണ് നിർദേശം. ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന്റെ ചുമതല കൺസ്യൂമർഫെഡാണ് ചെയ്യുന്നത്. ഇവർക്കാവശ്യമായ സാധനങ്ങൾ നൽകാനാണ് സഹകരണസംഘങ്ങളോട് ആവശ്യപ്പെട്ടത്. ഇതിനായി സഹകരണസംഘം രജിസ്ട്രാറുടെ ആസ്ഥാനത്തെ പ്രത്യേകസെൽ പ്രവർത്തനം തുടങ്ങി.

ശർക്കരമുതൽ തേയിലവരെയുള്ള 127 ഉത്പന്നങ്ങൾ സഹകരണസംഘങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. സർക്കാർ ലോക്‌ഡൗൺ പ്രഖ്യാപിച്ചശേഷം പല യൂണിറ്റുകളുടെയും പ്രവർത്തനം മുടങ്ങിയിരിക്കുകയാണ്. കൺസ്യൂമർഫെഡിന്റെ നിർദേശമനുസരിച്ച് പല സംഘങ്ങളും സാധനങ്ങൾ നൽകാൻ തയ്യാറായിട്ടുണ്ട്. എന്നാൽ, ആവശ്യം കൂടുന്നതനുസരിച്ചുള്ള നിർമാണമുണ്ടാവില്ല. ഭാവിയിൽ ക്ഷാമത്തിനു വഴിയൊരുക്കുമെന്നു കണ്ടതിനാലാണ് ഭക്ഷ്യവസ്തുക്കളുടെ നിർമാണയൂണിറ്റുകൾ പരമാവധി തുറക്കണമെന്ന സഹകരണവകുപ്പിന്റെ നിർദേശം.

പട്ടികവിഭാഗക്കാർക്ക് പലവ്യഞ്ജന കിറ്റ് നൽകാനുള്ള ചുമതലയും കൺസ്യൂമർഫെഡിനാണ്. സംഭരണത്തിനും സഹകരണസംഘങ്ങളുടെ സ്ഥലം വിട്ടുനൽകണമെന്ന് സഹകരണവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യഘട്ടത്തിൽ ഗ്രാമപ്പഞ്ചായത്ത് തലത്തിൽപ്പോലും ഭക്ഷ്യവസ്തുക്കൾ സംഭരിച്ച് വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പാണു നടത്തുന്നത്.

പെൻഷൻ നൽകുമ്പോൾ കുശലം വേണ്ട

സഹകരണ സംഘങ്ങൾവഴി സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം തുടങ്ങി. 55 ലക്ഷം ഗുണഭോക്താക്കൾക്കാണ് 2400 രൂപവീതം പെൻഷൻ. 1564 സഹകരണസംഘങ്ങൾക്കാണ് പെൻഷൻ നൽകാനുള്ള ചുമതല. ഈ സംഘങ്ങളിലെ 7500-ഓളം ജീവനക്കാരാണ് പെൻഷൻ വീടുകളിലെത്തിക്കുന്നത്.

സുഖവിവരം തിരക്കിയും കുശലം ചോദിച്ചും പെൻഷൻ നൽകാൻ നിൽക്കരുതെന്നാണ് വിതരണക്കാർക്കുള്ള നിർദേശം. മുഖാവരണവും കൈയുറയും ധരിക്കുക, ഒപ്പിട്ട സ്ലിപ്പ് തിരികെ വാങ്ങിയാൽ ഓരോ ഘട്ടത്തിലും സാനിറ്റൈസർ ഉപയോഗിക്കുക, പരമാവധി കൃത്യമായ തുകതന്നെ നൽകാൻ ശ്രദ്ധിക്കുക, യാത്രയിൽ തിരിച്ചറിയൽ രേഖ കരുതുക എന്നിവയാണ്‌ നിർദേശങ്ങൾ.

കണക്കെടുപ്പ് നീട്ടി

സഹകരണസംഘങ്ങളിലും ബാങ്കുകളിലും വാർഷാന്ത്യം നടത്തുന്ന വകുപ്പുതല കണക്കെടുപ്പ് നീട്ടിവെച്ചു.

സുരക്ഷിതമായി പൂർത്തിയാക്കും

പെൻഷൻ സുരക്ഷിതമായി എത്തിക്കുകയും 31-നുതന്നെ വിതരണം പൂർത്തിയാക്കുകയും ചെയ്യും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ ബാങ്കിലുള്ള അവരുടെ അക്കൗണ്ടിൽ തുക നിക്ഷേപിക്കും. പ്രതിസന്ധികാലത്ത് ജനങ്ങളുടെ കൈയിൽത്തന്നെ പണമെത്തിക്കുക എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കാൻ സഹകരണമേഖല വലിയ പരിശ്രമമാണ്‌ നടത്തുന്നത്.

-മന്ത്രി കടകംപള്ളി സുരേന്ദ്രൻ