കൊച്ചി: ലോക്ക്ഡൗൺ കാലത്ത് തങ്ങളുടെ ഉപഭോക്താക്കളെ ഒഴിവാക്കാൻ ഫിറ്റ്‌നസ് സെന്ററുകാർ തയ്യാറല്ല. ഓരോ ഉപഭോക്താവിനും അവർക്ക് വേണ്ട വ്യായാമ മുറകൾ പറഞ്ഞു നൽകുകയാണ് പ്രമുഖ ഫിറ്റ്‌നസ് സെന്ററുകൾ. സെലിബ്രിറ്റികളായ കായിക താരങ്ങളും സിനിമാ താരങ്ങളും ഉപഭോക്താക്കളായുള്ള ഫിറ്റ്‌നസ് സെന്ററുകാരാണ് ട്രെയിനർ മുഖേന ഓരോരുത്തർക്കും അവർക്ക് അനുയോജ്യമായ വ്യായാമ മുറകൾ എത്തിച്ചു നൽകുന്നത്.

വാട്‌സാപ്പ് മുഖേന ഓരോരുത്തരുടെയും ഫിറ്റ്‌നസ് ട്രെയിനിങ് മുന്നോട്ടു കൊണ്ടുപോകുകയാണ്. വീഡിയോ ആയാണ് നിർദേശങ്ങൾ അയച്ചു നൽകുന്നത്. ഓരോരുത്തരുടെയും ട്രെയിനിങ് ഹിസ്റ്ററി ട്രെയിനർമാർക്ക് അറിയാം. ഇതിന്റെ തുടർച്ച എങ്ങനെ വീട്ടിൽനിന്ന് ചെയ്യാമെന്നാണ് വീഡിയോയിൽ പറഞ്ഞുനൽകുന്നത്. പരിശീലനത്തിനിടെ നീണ്ട ഇടവേളയുണ്ടാകുന്നത് ഗുണം ചെയ്യില്ല എന്നതാണ് ഇതിന് കാരണമായി ട്രെയിനർമാർ പറയുന്നത്.

പല ഫിറ്റ്‌നസ് സെന്ററുകാരും വ്യക്തിപരമായി ചെയ്യുന്ന വീഡിയോടൊപ്പംതന്നെ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോകളും യുട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്.

രണ്ടാഴ്ചകൊണ്ട് വയർ കുറയ്ക്കാവുന്ന, വീട്ടിലിരുന്ന് ചെയ്യാവുന്ന വ്യായാമ മുറയാണ് ഇതിൽ പ്രധാനം. 21 ദിവസത്തെ ലോക്ക്ഡൗണിനെ മുന്നിൽ കണ്ടുള്ളതാണ് ഇവ.

മുട്ടുവേദന, നടുവേദന, കഴുത്ത് വേദന തുടങ്ങിയവ ഉള്ളവർക്ക് ഇവയിൽനിന്ന് മുക്തി നേടാം എന്ന വാഗ്‌ദാനവുമായും വ്യായാമ വീഡിയോകൾ ഇറങ്ങിയിട്ടുണ്ട്.

ജിംനേഷ്യം ഗ്രൂപ്പുകളിലും വീഡിയോകൾ പ്രചരിക്കുന്നുണ്ട്. വീട്ടിൽനിന്നുതന്നെ ശരീരം പോഷിപ്പിക്കാനുള്ള വ്യായാമങ്ങളാണിതിൽ പ്രധാനം. വീട്ടിലെ കസേര, സോഫ, സെറ്റി എന്നിവയെല്ലാം എങ്ങനെ വ്യായാമത്തിൽ ഉൾപ്പെടുത്താമെന്നു വരെ വീഡിയോയിൽ പരിചയപ്പെടുത്തുന്നു. ഇതിനോടൊപ്പം യോഗ വീഡിയോകളും ഇഷ്ടംപോലെ എത്തുന്നുണ്ട്.

മാസങ്ങൾക്കു മുമ്പ് അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് വരെ പുതിയ സാഹചര്യത്തിൽ പ്രേക്ഷകർ കൂടിയതാണ് കൂടുതൽ വീഡിയോകൾ രംഗത്ത് എത്താൻ കാരണം.