കൊച്ചി: ലോക്ക്ഡൗൺ തുടങ്ങിയ ദിവസം മുതൽ വീട്ടിൽ വെറുതെയിരിക്കുന്നതിനിടെ പാചക പരീക്ഷണങ്ങൾ നടത്തുന്നവരെ ഉപദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എറണാകുളം ജില്ല കളക്ടർ എസ്‌. സുഹാസ്. ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് കൂട്ടായ്മകളിൽ ഇതിനോടകംതന്നെ പാചക പരീക്ഷണങ്ങൾ പോസ്റ്റ് ചെയ്യുന്നവരുടെ എണ്ണം പെരുകിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് കളക്ടറുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ’വരും ദിനങ്ങളിൽ പാചകകലയിലെ തന്റെ കഴിവുകൾ പരീക്ഷിക്കാനിരിക്കുന്നവർക്കായി ഒരു ഓർമപ്പെടുത്തൽ. ഏറ്റവും കുറഞ്ഞ വസ്തുക്കൾകൊണ്ട് ആഹാരമൊരുക്കി ശീലിക്കണം. ഭക്ഷണം പാഴാക്കരുത്. അത് പലചരക്കുകടകളിൽ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതിനിടയാക്കും. ആർഭാടത്തിനും ആവശ്യത്തിനുമിടയിൽ ഏതു വേണമെന്ന കൃത്യമായ തീരുമാനമെടുക്കുക. കരുതിെവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങൾ പെട്ടെന്ന് തീർത്തിട്ട് പലചരക്ക് കടകളിലേക്കുള്ള യാത്ര അപകടമാണെന്നും മനസ്സിലാക്കണം. അതുകൊണ്ട്‌ സുഖങ്ങൾ ത്യജിച്ച് ലളിതമായ ജീവിതരീതി കൈവരിക്കാം’ - കളക്ടർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ജാഗ്രതപ്പെടുത്തുന്നു.