കൊച്ചി: വെള്ളിയാഴ്ച പുലർച്ചെ അന്തരിച്ച കുഫോസ് സർവകലാശാല വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രന് അന്ത്യകർമങ്ങൾ അർപ്പിക്കാൻ പോലും ഏക മകൻ രാഹുലിന് സാധിച്ചില്ല. അപ്രതീക്ഷിതമായി എത്തിയ മരണം അച്ഛനെ അവസാനമായി കാണാനുള്ള രാഹുലിന്റെ അവസരം കൂടിയാണ് ഇല്ലാതാക്കിയത്. സിങ്കപ്പൂരിൽ മറൈൻ എൻജിനീയർ ആണ് രാഹുൽ. ഏതാനും മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. ഓഗസ്റ്റിൽ മകന്റെ വിവാഹവും നിശ്ചയിച്ചിരുന്നു. അതിനിടയിലാണ് മരണം രംഗബോധമില്ലാതെ എത്തി രാമചന്ദ്രനെ കൂട്ടിക്കൊണ്ടുപോയത്.

കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യമാകെ ലോക്ക്‌ഡൗണിലായതിനാൽ അച്ഛന് അന്ത്യകർമങ്ങൾ അർപ്പിക്കാൻ രാഹുലിന് എത്താനാകുമായിരുന്നില്ല. ഏപ്രിൽ 14 വരെ ഇന്ത്യയിലേക്ക് യാത്രാ വിലക്കുള്ളതിനാൽ ഉടനെ ഒരു മടക്കം സാധ്യമല്ലെന്ന് വ്യക്തമായിരുന്നു. തുടർന്ന് രാഹുലിന്റെ തന്നെ അഭിപ്രായം കണക്കിലെടുത്താണ് ഡോ. രാമചന്ദ്രന്റെ മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് തന്നെ സംസ്കരിക്കാൻ തീരുമാനിച്ചത്.

രവിപുരം ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. രാമചന്ദ്രന്റെ ഇളയ സഹോദരങ്ങളിൽ ഒരാളായ വിനോദ് കുമാറാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. കൊറോണയുടെ ഭീതി ഒഴിഞ്ഞ ശേഷം നാട്ടിലെത്തി അച്ഛനായി അന്ത്യകർമങ്ങൾ അർപ്പിക്കാമെന്നാണ് രാഹുലിന്റെ തീരുമാനം.