കൊച്ചി: കൊറോണയെച്ചൊല്ലിയുള്ള ആശങ്കകൾക്കിടയിലും സന്നദ്ധ സേവനത്തിനായി മുന്നിട്ടിറങ്ങാൻ യുവജനങ്ങൾ. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ യുവജനങ്ങൾ രംഗത്തിറങ്ങണം എന്ന മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ വാക്കുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏത് വലിയ പ്രതിസന്ധി വന്നാലും കൂടെ നിന്ന് പൊരുതാൻ തങ്ങളുണ്ട് എന്ന് ചെറുപ്പക്കാർ വ്യക്തമാക്കുകയാണ്.

സേവനത്തിന് തയ്യാറായവർ ’സന്നദ്ധം’ പോർട്ടൽ വഴി ഓൺലൈനിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. 22-നും 40-നും ഇടയിൽ പ്രായമുള്ള ആർക്കും സേനയുടെ ഭാഗമാകാം. ഇവർക്ക് ആവശ്യമായ പരിശീലനം നൽകും. തിരിച്ചറിയൽ കാർഡും യാത്രാബത്തയും നൽകും. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്കും വാർഡ്തല ദ്രുതകർമ സേനകൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

യുവ വൊളന്റിയർമാരുടെ ലിസ്റ്റ് കൈമാറി

കൊറോണ പ്രതിരോധം ശക്തമാക്കാൻ സംസ്ഥാന യുവജന കമ്മിഷൻ സജ്ജമാക്കുന്ന സന്നദ്ധസേനയായ ‘യൂത്ത് ഡിഫൻസ് ഫോഴ്‌സി’ൽ ഒറ്റദിവസം കൊണ്ട് 5,000-ലധികം പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1,465 പേർ കൂട്ടിരിപ്പുകാരാകാൻ സന്നദ്ധത അറിയിച്ചവരാണ്. 3,000-ലധികം പേർ മറ്റു സന്നദ്ധ പ്രവർത്തനങ്ങൾക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതിൽ ചലച്ചിത്ര-സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടും.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കമ്മിഷൻ പുസ്തകക്കിറ്റ് എത്തിക്കുകയും മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായകമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നുണ്ട്. യൂത്ത് ഡിഫൻസ് ഫോഴ്‌സിലേക്ക് രജിസ്‌ട്രേഷൻ തുടരുകയാണ്. https://forms.gle/Q6jWkHLHL4CRjWfb8 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

യുവജന കമ്മിഷൻ യുവ വൊളന്റിയർമാരെ കണ്ടെത്തി അവരുടെ ലിസ്റ്റ് കൈമാറിയിട്ടുണ്ട്. കൂട്ടിരിപ്പിന് തയ്യാറായി യുവജനങ്ങൾ രംഗത്തിറങ്ങണം എന്ന അഭ്യർഥന മാനിച്ചുകൊണ്ടാണ് ഈ പ്രവർത്തനം തുടങ്ങിയത്. സന്നദ്ധ യുവജന സേനയോടൊപ്പം സംയോജിതമായ പ്രവർത്തനമാണ് ഇവരും നടത്തുക. ഇവരെയും ’സന്നദ്ധം’ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യും.

ഭക്ഷണമെത്തിക്കാൻ സന്നദ്ധ സംഘടനകൾ

ലോക്ക്ഡൗൺ നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഭക്ഷണ വിതരണത്തിന് കൂടുതൽ സന്നദ്ധ സംഘടനകൾ രംഗത്തെത്തുകയാണ്. ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടാൽ വീടുകളിൽ ഭക്ഷണം എത്തിക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളിലേക്ക്‌ നിരവധി ഫോൺകോളുകൾ വരുന്നുണ്ട്. ജയിലിൽ നിന്നുള്ള ഭക്ഷണവുമായി പോലീസ് രംഗത്തുണ്ട്.

‘ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം’ എന്ന് പേരിട്ടിട്ടുള്ള പ്രചാരണത്തിന് കേരള പോലീസ്, നന്മ ഫൗണ്ടേഷൻ, എറണാകളം കരയോഗം, മിഷൻ ബെറ്റർ ടുമോറോ, ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, കരുതലായി എറണാകുളം പദ്ധതി തുടങ്ങി നിരവധി സാമൂഹിക സംഘടനകളാണ് ചുക്കാൻ പിടിക്കുന്നത്.

രാഷ്ട്രീയഭേദമില്ലാതെ എല്ലാ യുവജന സംഘടനകളും സേവനരംഗത്തുണ്ട്. സേവാഭാരതി, ഡി.വൈ.എഫ്. ഐ., യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകളും ഭക്ഷണമെത്തിക്കുന്നുണ്ട്.