കൊച്ചി: ലോകത്താകമാനം വിവിധ തുറകളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണാൻ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐ.എൽ.ഒ.) ഇടപെടണമെന്ന ആവശ്യമുയരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യയിൽനിന്നുള്ള ലക്ഷക്കണക്കിന് തൊഴിലാളികൾ കൊറോണമൂലം ദുരിതം അനുഭവിക്കുകയാണ്. ഐ.എൽ.ഒ.യിൽ ഇന്ത്യയിൽ നിന്നുള്ള അംഗമായ ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനാണ് ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഗേ റൈഡറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

നിർമാണ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി ക്ഷേമ ബോർഡുകളെ രംഗത്തിറക്കണമെന്ന്‌ ആവശ്യപ്പെട്ട് സോണിയ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകി. സെസ് ഇനത്തിൽ ക്ഷേമ ബോർഡുകൾ 49,688 കോടി രൂപ പരിച്ചിട്ടുണ്ട്. 19,379 കോടി മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. ഈ ഫണ്ട് തൊഴിലാളികൾക്ക് ഗുണംചെയ്യുന്ന വിധത്തിൽ ചെലവഴിക്കാൻ വെൽഫെയർ ബോർഡുകൾക്ക് നിർദേശം നൽകണമെന്നാണ് സോണിയ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.