കൊച്ചി: അലങ്കാരമത്സ്യ ഗവേഷണ രംഗത്ത് നിർണായക സംഭാവന നൽകിയ ശാസ്ത്രജ്ഞനായിരുന്നു കേരള ഫിഷറീസ്-സമുദ്രപഠന സർവകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്ന ഡോ. എ. രാമചന്ദ്രൻ. ഇന്ത്യയിലെ നദികളിലെ അലങ്കാര മത്സ്യങ്ങളെക്കുറിച്ച് ആദ്യമായി പഠനം നടത്തിയതിൽ പ്രമുഖനായിരുന്നു അദ്ദേഹം. ഈ മേഖലയിൽ പിന്നീട് പലർക്കും അദ്ദേഹം വഴികാട്ടിയായി. അദ്ദേഹത്തിന്റെ കീഴിൽ തദ്ദേശീയ മത്സ്യങ്ങളെക്കുറിച്ച് പഠനം നടത്തിയ പി.കെ. പ്രമോദ് കർണാടകത്തിലെ സീത നദിയിൽ കണ്ടെത്തിയ അലങ്കാരമത്സ്യത്തിന് ഡോ. രാമചന്ദ്രന്റെ പേരാണ് നല്കിയത്. ‘ബെറ്റാഡെവേറിയ രാമചന്ദാനി’ എന്നാണ് ഈ അലങ്കാരമത്സ്യം ശാസ്ത്രലോകത്ത് അറിയപ്പെടുന്നത്.

ശാസ്ത്രഗവേഷണത്തെ ലാബിൽനിന്ന്‌ ഫീൽഡിലേക്ക് ഇറക്കിയ ശാസ്ത്രജ്ഞനായിരുന്നു ഡോ. രാമചന്ദ്രനെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകയും കുസാറ്റ് ഇൻഡസ്ട്രിയൽ ഫിഷറീസിൽ ഫാക്കൽറ്റിയുമായ ഡോ. മിനി ശേഖർ പറഞ്ഞു. 1990-കളിലാണ് കേരളത്തിലും പുറത്തുമുള്ള നദികളിലെ അലങ്കാര മത്സ്യങ്ങളെക്കുറിച്ച് അദ്ദേഹം പഠനം തുടങ്ങിയത്. അതിനായി അദ്ദേഹം കേരളത്തിലെ നദികളിലൂടെയെല്ലാം യാത്ര ചെയ്തു.

ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള പഠനമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഇഷ്ടമേഖല. മത്സ്യവിഭവങ്ങളുടെ സുരക്ഷയ്ക്കപ്പുറമുള്ള വിഷയങ്ങൾ ഇവിടെ അദ്ദേഹത്തിന്റെ പരിഗണനാ വിഷയങ്ങളായി.

തീരദേശ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹം ഇത്രയധികം വ്യാകുലപ്പെടാതിരുന്ന കാലത്താണ് ഡോ. രാമചന്ദ്രൻ ഈ മേഖലയെക്കുറിച്ച് ഗൗരവകരമായ പഠനം നടത്തിയത്. തീരമേഖലയിലെ കൈയേറ്റത്തിനെതിരേ തുറന്ന് അഭിപ്രായം പറയാനും അദ്ദേഹം എന്നും തയ്യാറായി.

കഴിഞ്ഞ നവംബറിൽ ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ ബ്ലൂ ഇക്കോണമി കോൺഫറൻസ് കൊച്ചിയിൽ നടന്നത് ഡോ. എ. രാമചന്ദ്രന്റെ നേതൃത്വത്തിൽ ആയിരുന്നു.

132 വിദ്യാർഥികൾ അദ്ദേഹത്തിന്റെ കീഴിൽ ഗവേഷണം നടത്തി. ഹോളണ്ടിലെ ഡെൽഫ് യൂണിവേഴ്‌സിറ്റിയിൽനിന്നാണ് പോസ്റ്റ്‌ പിഎച്ച്.ഡി. ബിരുദം നേടിയത്. സമുദ്ര പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും ഡിസാസ്റ്റർ മാനേജ്‌മെന്റും ഐച്ഛിക വിഷയങ്ങളായി എം.എസ്‌സി. കോഴ്‌സുകൾ കുഫോസിൽ ആരംഭിക്കാനും അദ്ദേഹം മുൻകൈ എടുത്തു. വേന്പനാട്ട്‌ കായലിലെ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് കുഫോസ് നടത്തിയ പഠനത്തിന് നേതൃത്വം നൽകിയതും ഡോ. രാമചന്ദ്രനായിരുന്നു.

1982-ൽ കുസാറ്റിൽനിന്ന് എം.എസ്‌സി. ഇൻഡസ്ട്രിയൽ ഫിഷറീസിൽ ഒന്നാം റാങ്കോടെയാണ് പാസായത്. അഗ്രിക്കൾച്ചറൽ റിസർച്ച് സർവീസ് എക്സാമിനേഷൻ ഒന്നാം റാങ്കോടെ പാസായ രാമചന്ദ്രൻ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിൽ ശാസ്ത്രജ്ഞനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് കുസാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിൽ ഫാക്കൽറ്റിയായി. സ്കൂളിന്റെ ഡയറക്ടർ ആയിരിക്കെയാണ് കുസാറ്റിൽ പരീക്ഷാ കൺട്രോളറാവുന്നത്. തുടർന്ന് കുസാറ്റിൽ രജിസ്ട്രാറുടെ ചുമതല വഹിക്കുമ്പോഴാണ് 2016-ൽ കുഫോസിന്റെ വൈസ് ചാൻസലർ ആയത്‌.

എറണാകുളം കരയോഗത്തിന്റെ പ്രവർത്തനങ്ങളിലും ഡോ. രാമചന്ദ്രൻ സജീവമായി രുന്നു. 1995-96 വർഷം എറണാകുളം കരയോഗം സെക്രട്ടറിയുടെ ചുമതലയും വഹിച്ചിരുന്നു. പിന്നീടും കരയോഗത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു.