ആലപ്പുഴ: കൊറോണ സംഹാരതാണ്ഡവം ആരംഭിച്ച വുഹാനിൽനിന്ന് ഇവിടെവന്ന രോഗബാധിതരായവരടക്കമുള്ള വിദ്യാർഥികൾ സാധാരണ ജീവിതത്തിലേക്ക്. മെഡിക്കൽ വിദ്യാർഥികൾ വീണ്ടും പഠനത്തിരക്കിൽ. അവർക്ക് ഓൺലൈൻ ക്ലാസ്സുകൾ പൊടിപൊടിക്കുകയാണ്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽനിന്നുള്ള വിദ്യാർഥികളായിരുന്നു ഇന്ത്യയിൽ ആദ്യം രോഗംബാധിച്ച് എത്തിയത്. അന്ന് രോഗംബാധിച്ച് നാട്ടിലെത്തി ചികിത്സിച്ചവരും നിരീക്ഷണത്തിലായിരുന്നവരുമായ വിദ്യാർഥികൾ ഇപ്പോൾ രോഗമുക്തി നേടി പഠനത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ആലപ്പുഴയിൽ ചികിത്സയിലൂടെ രോഗമുക്തി നേടിയ വിദ്യാർഥി പറഞ്ഞു.

വൈറസ് ബാധയെത്തുടർന്ന് നാട്ടിലെത്തിയ മൂന്നാംവർഷ മെഡിക്കൽ വിദ്യാർഥികൾക്ക് ഇത് രണ്ടാം സെമസ്റ്റർ ക്ലാസുകളാണ് നടക്കുന്നത്. ആകെ 70 വിദ്യാർഥികളാണ് ഈ ബാച്ചിലുള്ളത്. അതിൽ 48 പേരും മലയാളികൾ. എല്ലാവരും അവരവരുടെ വീടുകളിലാണ് ഉള്ളത്. കൂടാതെ സൗദി അറേബ്യ, തായ്‌ലൻഡ്, സിങ്കപ്പൂർ, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങി ലോകത്തിന്റെ എല്ലാ കോണിൽനിന്നുള്ളവർ ഈ കൂട്ടത്തിലുണ്ട്.

ക്ളാസ്സുകൾ പഴയ ടൈംടേബിൾ പ്രകാരം തന്നെയാണ് നടക്കുന്നത്. എല്ലാവർക്കും ഒരേസമയം(ചൈനീസ് സമയത്തെ അടിസ്ഥാനമാക്കി) തന്നെയാണ് പഠനം.

തിങ്കൾമുതൽ വെള്ളിവരെയാണ് ക്ലാസ്സുകൾ. ചൈനീസ് സമയം രാവിലെ 8.30 (ഇന്ത്യൻ സമയം പുലർച്ചെ 5.30) മുതൽ 9.30 വരെയും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയും. ശനി, ഞായർ ദിവസങ്ങളിൽ അവധിയാണ്. വിഷയങ്ങൾ പഠിപ്പിക്കുന്നത് അതത് അധ്യാപകർ തന്നെയാണ്.

ചൈനീസ് ആപ്പുകളായ ടെൻസന്റ്, വീ ചാറ്റ് എന്നിവയാണ് ക്ളാസ്സുകൾക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. മുൻകൂട്ടി തയ്യാറാക്കിവെച്ച ക്ലാസ്സുകളും നടക്കാറുണ്ട്. കൂടാതെ പവർപോയന്റ് പ്രസന്റേഷനുകളും ആവശ്യമായ പഠന സാമഗ്രികളും നൽകുന്നുണ്ട്. ക്ലാസ്സിലുണ്ടായിരുന്ന എല്ലാ വിദ്യാർഥികളെയും കാണുംവിധമുള്ള ലൈവ് വീഡിയോ കോൺഫറൻസും ഉണ്ട്.

ഒരേസമയം 80 പേരെ വീഡിയോയിൽ കാണാൻ കഴിയുമെന്ന പ്രത്യേകതയും ഈ ആപ്പുകൾക്കുണ്ട്. പലരാജ്യത്തിരിക്കുന്നവർ ഒരേ ഫ്രെയിമിൽ എത്തുന്നു വെന്നതും വിദ്യാർഥികളിൽ ആവേശമുണർത്തുന്നു. വീഡിയോ ഓൺലൈനും ഓഫ്‌ലൈനുമാക്കാനുള്ള സംവിധാനവുമുണ്ട്. ഓരോ വിദ്യാർഥിയുടെയും ഇഷ്ടാനുസരണം ഇത് ഓൺ ആക്കാനും ഓഫ് ആക്കാനും കഴിയും.

സാധാരണ ക്ലാസ്സ് പോലെ തന്നെ ആദ്യം ഹാജർ വെക്കണം. എന്നാൽ, ക്ലാസ്സിൽ മുഴുനീളം പങ്കെടുക്കുന്നുണ്ടോ എന്നറിയാൻ അധ്യാപകർ ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിക്കാറുമുണ്ട്.

ഫെബ്രുവരി 16നാണ് ക്ലാസുകൾ ആരംഭിച്ചത്. സാധാരണയായി ജൂൺ അവസാനമോ ജൂലായ്‌ ആദ്യമോ ആണ് സെമസ്റ്റർ അവസാനിക്കുക. ഏപ്രിൽ എട്ടിന് വുഹാൻ തുറക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അന്നത്തേക്ക് പോകാനാകുമോ എന്ന് തീർച്ചയില്ല. വുഹാനിൽനിന്ന് വന്നവരായതിനാൽ അവിടെനിന്നുള്ള കുട്ടികളാരും ഇപ്പോൾ തിരിച്ചറിയപ്പെടാനാഗ്രഹിക്കുന്നുമില്ല. കാരണം കൊറോണ സംഹാരതാണ്ഡവം ആരംഭിക്കുന്നത്‌ അവിടെനിന്നായിരുന്നല്ലോ.