ആലപ്പുഴ: സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചതോടെ കന്നുകാലികളുടെ തീറ്റയ്‌ക്കായി നെട്ടോട്ടം ഓടുകയാണ് ക്ഷീരകർഷകർ. വേനലിൽ പച്ചപ്പുല്ലിനും ക്ഷാമമാണ്. മറ്റു സ്ഥലങ്ങളിൽനിന്ന് പുല്ല് എത്തിക്കാൻ പോലും സാധിക്കുന്നില്ല.

കാലിത്തീറ്റയും കോഴിത്തീറ്റയും പലസ്ഥലങ്ങളിലും ലഭിക്കുന്നില്ല. പോലീസ് നടപടികളെ ഭയന്ന് കടകളിൽ പോകാൻ മടിക്കുന്നവരുമുണ്ട്. അതിനാൽ പട്ടിണിയിലാകുന്നത് നാൽക്കാലികളാണ്.

അന്യസംസ്ഥാനങ്ങളിൽനിന്നാണ് മിക്ക ജില്ലകളിലേക്കും കാലിത്തീറ്റയും കോഴിത്തീറ്റയും മറ്റും എത്തുന്നത്. ഗതാഗതം നിലച്ചതോടെ ഇത് എത്തുന്നില്ല. സർക്കാർ സംവിധാനത്തിൽ ലോറികളിൽ ഓരോ ജില്ലയിലേക്കും ആവശ്യമായ കാലിത്തീറ്റകൾ എത്തിക്കണമെന്നതാണ് കർഷകരുടെ ആവശ്യം.

പലസ്ഥലങ്ങളിലും കൊയ്ത്തുകഴിഞ്ഞ സാഹചര്യമാണ്. പലരും വൈക്കോൽ മഴക്കാലത്തേക്ക് കരുതി വെക്കാറുണ്ട്. എന്നാൽ, അതിനൊന്നും ഇപ്പോൾ സാധിക്കുന്നില്ല. വരുംനാളുകളിലും കാലികൾക്കുള്ള തീറ്റയ്‌ക്ക് വൻക്ഷാമം നേരിടാൻ സാധ്യതയുണ്ട്.

അവശ്യസർവീസുകളുടെ പട്ടികയിൽ മൃഗസംരക്ഷണമേഖലയേയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, അതിർത്തികൾ അടച്ചതോടെ ഇവ എത്തിക്കാൻ ആരും തയാറാകുന്നില്ല. കുട്ടനാട്ടിൽ കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ ആവശ്യത്തിന് വൈക്കോലുണ്ട്. എന്നാൽ, അത് സംഭരിച്ച് കർഷകർക്ക് വിതരണം ചെയ്യാൻ സാധിക്കുന്നില്ല. ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധപതിപ്പിക്കണമെന്നാണ് ആവശ്യം.