ആലപ്പുഴ: കൊറോണ പട്ടിണിയിലാക്കിയെങ്കിലും മുണ്ടുമുറുക്കിയുടുത്ത് ഇവർ പാടുകയാണ്, ആടുകയാണ്. സമൂഹത്തിനു വേണ്ടി. ദുരന്തമുതിർക്കുന്ന കൊറോണയ്‌ക്കെതിരേ കരുതൽ വേണമെന്ന് ഓർമിപ്പിക്കുകയാണിവർ.

അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ഇളവൂർ അനിൽ എന്ന ചാക്യാർകൂത്ത് കലാകാരന്റെ പ്രകടനം. തന്റെ കലാരൂപത്തിലൂടെ ഒരു കൈ കഴുകലിലൂടെ, ഒരാഴ്ച വീട്ടിലിരുന്ന് തീർക്കാവുന്നത് കുളമാക്കരുതേയെന്ന പരിഹാസത്തിൽ പൊതിഞ്ഞ നർമമാണ് എല്ലാവർക്കുമായി അദ്ദേഹം നൽകുന്നത്. മാന്ത്രികൻ ഗോപിനാഥ് മുതുകാട് പ്രതിരോധ പ്രചാരണത്തിൽ വളരെ മുന്നിലാണ്. കരുതലിന്റെ ഓർമയ്ക്കായി അദ്ദേഹം തന്റെ മാജിക്കും അവതരിപ്പിക്കുന്നു. വളരെ വിശദമായ ബോധവത്കരണമാണ് അദ്ദേഹം എല്ലാ മാധ്യമങ്ങളിലൂടെയും നിർവഹിക്കുന്നത്.

ആലപ്പുഴയിൽ മനു മങ്കൊമ്പ് എന്ന മജീഷ്യൻ വീടിനു സമീപത്തെ വഴിയിൽ ഒരു മാജിക്കൽ ഹാൻഡ് വാഷ് സെൻറർ ഒരുക്കി. ബോധവത്കരണത്തിന് സമൂഹമാധ്യമങ്ങളിലൂടെ ചില നമ്പരുകളും കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.

പ്രമുഖ മിമിക്രി കലാകാരൻ പുന്നപ്ര മധു കൊറോണയ്ക്കെതിരെ ഒരു കഥാപ്രസംഗവും ഓട്ടൻതുള്ളലും അവതരിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. സ്‌ക്രിപ്റ്റ് രണ്ടു ദിവത്തിനുള്ളിൽ പൂർത്തിയാവുമെന്ന് മധു പറഞ്ഞു.

അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് കൊറോണ പ്രതിരോധത്തിനുവേണ്ടിയുള്ള ഒരു പാരഡിഗാനം. നിന്നെക്കാണാൻ എന്നെക്കാളും... എന്ന നാടൻ പാട്ടിന്റെ ഈണത്തിൽ ഇതു തയ്യാറാക്കിയത് ജെ. ഷിജിമോനാണ്. ഹെൽത്ത് ഇൻസ്‌പെക്ടർ കൂടിയായ അദ്ദേഹം സ്കൂൾ കലോത്സവ താരമായ മകൾ എസ്‌.സില്ലയെക്കൊണ്ടാണ് പാടിച്ചത്. മകൻ ജൂവലാണ് ദൃശ്യഭംഗി ഒരുക്കിയത്.

കല ഉപജീവനമായി സ്വീകരിച്ചവർ എല്ലാം മുഴുപ്പട്ടിണിയിലേക്ക് നീങ്ങുകയാണ്. എന്നിട്ടും ഭീതി പരത്തി വരുന്ന രോഗത്തെ നേരിടാൻ ഓട്ടൻതുള്ളലായും ഗാനമായും അവരുടെ പ്രതികരണം അലയടിക്കുന്നു.