തിരുവനന്തപുരം: ബോധവത്കരണ ട്രോളുകൾക്കും ഹ്രസ്വചിത്രങ്ങൾക്കും പിന്നാലെ, അടച്ചുപൂട്ടൽ കാലത്ത് വീട്ടിലിരിക്കുന്നവർക്കു ചെയ്യാനായി യോഗാ പാഠങ്ങളുമായി പോലീസിന്റെ സാമൂഹികമാധ്യമ വിഭാഗം. വീട്ടിലിരിക്കാനുള്ള സന്ദേശവുമായി ടൊവിനോ തോമസ്, മഞ്ജുവാര്യർ, ജയറാം, പാർവതി തുടങ്ങിയവർ പോലീസ് പേജിലെത്തിയതിനു പിന്നാലെയാണ് യോഗാ പാഠങ്ങൾ പുറത്തിറക്കിയത്.

ശ്വസനപ്രക്രിയ സുഗമമാക്കുന്നതിനുതകുന്ന വിവിധ ആസനങ്ങളാണ് ‘യോഗ ക്യാപ്‌സ്യൂളിൽ’ വിശദീകരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് പൊതുജനങ്ങൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. പോലീസ് ആസ്ഥാനത്തായിരുന്നു ചിത്രീകരണം. തിരക്കഥയൊരുക്കിയതും സംവിധാനംചെയ്തതും ചിത്രീകരിച്ചതും എഡിറ്റ് ചെയ്തതുമൊക്കെ പോലീസിന്റെ സാമൂഹികമാധ്യമ വിഭാഗം തന്നെയാണ്. എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പോലീസ് സാമൂഹികമാധ്യമ വിഭാഗം പ്രവർത്തിക്കുന്നത്.