എടപ്പാൾ: രാജ്യം സമ്പൂർണമായി അടച്ചിട്ടിട്ടും അവശ്യസർവീസല്ലാത്ത വിദ്യാലയങ്ങൾ തുറന്നിരുന്ന് പ്രഥമാധ്യാപകർ. വിദ്യാലയങ്ങൾ തുറക്കേണ്ടതില്ലെന്ന നിർദേശം ഇവർക്ക് വകുപ്പധികൃതർ നൽകാത്തതാണ് കാരണം.

വിദ്യാലയങ്ങളിൽ പഠനവും പരീക്ഷയുമെല്ലാമുപേക്ഷിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ മാത്രമാണ് ഇപ്പോഴും ഉപേക്ഷിക്കാതെയുള്ളത്. എന്നാൽ ഇതൊന്നും ബാധകമാകാതെ എല്ലാ വിദ്യാലയങ്ങളിലെയും പ്രഥമാധ്യാപകരും എ.ഇ.ഒ., ഡി.ഇ.ഒ.ഓഫീസുകളും തുറന്നിരിക്കുകയാണ്. സർക്കാർ ഇറക്കിയ ഉത്തരവുകളിൽ അവശ്യസർവീസുകളായവയുടെ പേരുകൾ സൂചിപ്പിച്ച് അവ മാത്രം പ്രവർത്തിക്കണമെന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വിദ്യാലയങ്ങൾ തുറക്കേണ്ടതില്ലെന്ന് വകുപ്പും പ്രത്യേക ഉത്തരവിറക്കിയിട്ടില്ല. ഇതുമൂലം അടച്ചിട്ടാൽ പ്രശ്‌നമാകുമോയെന്ന ആശങ്കയിൽ പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫീസ് മേലധികാരികളും എന്നും രാവിലെ തുറക്കുന്നു. വില്ലേജ് ഓഫീസുകളടക്കമുള്ളവ തുറക്കേണ്ടെന്നും ഉദ്യോഗസ്ഥരെ ആവശ്യമുള്ളപ്പോൾ ലഭ്യമാക്കിയാൽ മതിയെന്നും നിർദ്ദേശമുണ്ട്.