ചേർത്തല: നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പുഫലം വിശകലനംചെയ്യാൻചേർന്ന സി.പി.എം. മണ്ഡലം യോഗത്തിൽ മുതിർന്ന സി.പി.ഐ. നേതാവിനെതിരേ രൂക്ഷവിമർശം. സ്ഥാനാർഥിയായ പി. പ്രസാദിനെ തോൽപ്പിക്കാൻ സി.പി.ഐ.യിലെ ഒരുവിഭാഗം ശ്രമിച്ചെന്ന ഗുരുതര ആരോപണം യോഗത്തിൽ ഉയർന്നതായാണു വിവരം.

മണ്ഡലത്തിലെ ഏരിയ കമ്മിറ്റിയംഗങ്ങളാണു ചർച്ചയിൽ പങ്കെടുത്തത്. ചേർത്തലതെക്ക്, നഗരത്തിലെ കരുവാ മേഖലകളിലെ പ്രശ്‌നങ്ങളെല്ലാം ഉയർത്തിയായിരുന്നു സി.പി.എം. നേതാക്കൾ വിമർശിച്ചത്. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ പേരിൽ മുൻമന്ത്രി പി. തിലോത്തമന്റെ പേഴ്‌സണൽ സ്റ്റാഫംഗത്തിനെതിരേ സി.പി.ഐ. നേരത്തേ നടപടിയെടുത്തിരുന്നു. ഇതും ചർച്ചയിൽ വിഷയമമായി. നേതാക്കളുടെ പേരെടുത്തുപറഞ്ഞായിരുന്നു പരാമർശങ്ങൾ.

സി.പി.ഐയിലെ ഒരുവിഭാഗം തുടക്കത്തിൽത്തന്നെ നിസ്സഹകരിച്ചതോടെ വിജയിപ്പിക്കേണ്ടതു സി.പി.എമ്മിന്റെ ബാധ്യതയായെന്നും അതനുസരിച്ചു പാർട്ടി ഉണർന്നുപ്രവർത്തിച്ചതാണു വിജയത്തിനു വഴിതുറന്നതെന്നുമായിരുന്നു വാദം. നിയമസഭാ തിരഞ്ഞെടുപ്പിൽ തദ്ദേശ തിരഞ്ഞെടുപ്പിനെക്കാൾ വോട്ടുയർന്നത് പട്ടണക്കാട്ടു മാത്രമായിരുന്നു. എന്നാൽ, ഇവിടെപ്പോലും പ്രതീക്ഷിച്ച വോട്ടുനേടാനായില്ലെന്നാണു വിലയിരുത്തൽ. വയലാർ, കടക്കരപ്പള്ളി, തണ്ണീർമുക്കം നഗരത്തിലെ എക്‌സ്‌-റേ, കരുവ എന്നിവിടങ്ങളിലും വോട്ടുചോർച്ചയുണ്ടായി. സി.പി.എം. ശക്തികേന്ദ്രമായ കഞ്ഞിക്കുഴിയിലും മുഹമ്മയിലും പ്രതീക്ഷിച്ചനേട്ടം ഉണ്ടാക്കാനാകാത്തത് പരിശോധിക്കാനും നിർദേശമുയർന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി നോക്കുമ്പോൾ നേട്ടമുണ്ടായതു ചേർത്തലതെക്കു പഞ്ചായത്തിൽ മാത്രമാണെന്നും വിലയിരുത്തി.

ജില്ലാസെക്രട്ടറി ആർ. നാസർ സെക്രട്ടേറിയറ്റംഗം കെ. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്ന യോഗം. കഴിഞ്ഞദിവസം അരൂർ മണ്ഡലം യോഗത്തിൽ പാർട്ടിയുടെ ശക്തികേന്ദ്രമായ തുറവൂരിലെ വോട്ടുചോർച്ച ചർച്ചയായി. ഏതുസാഹചര്യത്തിലും പാർട്ടിക്കു മുൻതൂക്കം ലഭിച്ചിരുന്ന പഞ്ചായത്തിൽ ഇക്കുറിയും പിന്നാക്കംപോയത് പരിശോധിക്കണമെന്ന ആവശ്യം ഉയർന്നു. രണ്ടുവർഷംമുൻപു നടന്ന ഉപതിരഞ്ഞെടുപ്പിലും പിന്നീടും തദ്ദേശ തിരഞ്ഞെടുപ്പിലും തുറവൂർ യു.ഡി.എഫിനൊപ്പമായിരുന്നു. സംഘടാ വിഷയങ്ങളാണതിനു കാരണമെന്നാണു വിലയിരുത്തൽ.