കൊച്ചി: സംസ്ഥാനത്താകെ പട്ടയഭൂമിയിൽനിന്ന് മരം മുറിച്ച കേസിൽ പ്രതികളെ അറസ്റ്റുചെയ്യാത്തതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. 701 കേസുകൾ രജിസ്റ്റർ ചെയ്തിട്ടും ഒരു പ്രതിയെപ്പോലും അറസ്റ്റുചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി സർക്കാർ പ്രതികളുമായി ഒത്തുകളിക്കുകയാണെന്ന് പറയേണ്ടിവരുമെന്നും അഭിപ്രായപ്പെട്ടു. മരംമുറിക്കേസിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി.ബി.ഐ.യെ ഏൽപ്പിക്കണമെന്നുമാവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശി ജോർജ് വട്ടുകുളം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച്.

കോവിഡിനെ തുടർന്നുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പ്രതികളെ പിടികൂടാനാകാത്തതെന്നും ഒരാൾക്ക് മുൻകൂർ ജാമ്യം ലഭിച്ചെന്നുമായിരുന്നു സർക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറലിന്റെ വിശദീകരണം. എന്നാൽ, ഒരാൾക്ക് ജാമ്യം അനുവദിച്ചതിന്റെപേരിൽ മറ്റ് 700 കേസുകളിലെ പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കുന്നത് എന്തിനാണെന്നായിരുന്നു കോടതിയുടെ പ്രതികരണം. അറസ്റ്റ് നടപടികൾ സംബന്ധിച്ച് തിങ്കളാഴ്ചയ്ക്കകം വിശദീകരണം നൽകാനും നിർദേശിച്ചു. വിഷയം ഓഗസ്റ്റ് രണ്ടിന് വീണ്ടും പരിഗണിക്കും. മുട്ടിൽ മരംമുറിക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തിങ്കളാഴ്ച തള്ളിയിരുന്നു. ഹർജിക്കാരനുേവണ്ടി അഡ്വ. ജോയി ജോർജ് അടുക്കം ഹാജരായി.