കണ്ണൂർ: സഹകരണമേഖലയിൽ ക്രമക്കേടിന്റെ വാർത്ത പുറത്തുവരുന്പോഴും സഹകരണ വിജിലൻസിന്റെ പ്രവർത്തനം നാമമാത്രം. ഓഡിറ്റിലെ കാര്യക്ഷമതക്കുറവും കൂടിയാവുമ്പോൾ ക്രമക്കേട് വർധിക്കുന്നതായാണ് റിപ്പോർട്ട്‌.

ക്രമക്കേടുകാരണം ചില സഹകരണസംഘങ്ങൾ അടച്ചിട്ടപ്പോൾപ്പോലും സഹകരണ വിജിലൻസ് ഒരുനടപടിയും സ്വീകരിച്ചില്ല. സഹകരണമേഖലയിലെ കുറ്റകൃത്യം തടയാൻ സഹകരണ വിജിലൻസ് സംവിധാനം കണ്ണൂർ, തൃശ്ശൂർ, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് 2008-ൽ നിലവിൽവന്നതാണ്. ഡിവൈ.എസ്.പി.ക്കാണ് ചുമതലയെങ്കിലും മിക്കപ്പോഴും ആ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. പരിശോധന നടത്തി കേസെടുക്കാൻ അധികാരമോ സംവിധാനമോ ഇല്ലെന്നതാണ് വിജിലൻസിന്റെ സ്ഥിതി. സഹകരണ രജിസ്ട്രാർ കൈമാറുന്ന പരാതികളിലാണ് അന്വേഷിക്കാനാവുക.

ആവശ്യത്തിന് ഓഡിറ്റർമാരില്ലാത്തതും പ്രശ്നമാണ്. സംസ്ഥാനത്താകെ മുന്നൂറോളം ഓഡിറ്റർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.

സംഘത്തിനു താത്‌പര്യമുള്ളവരെ ഓഡിറ്റർമാരാക്കുകയും എതിർപ്പുള്ളവരെ ഓഡിറ്ററാക്കിയാൽ തിരിച്ചുവിളിപ്പിക്കുകയും ചെയ്യുന്നതു പതിവായിട്ടുണ്ട്. ചില സ്ഥാപനങ്ങളിൽ വർഷങ്ങളോളം കൺകറന്റ് ഓഡിറ്ററായി പ്രവർത്തിക്കുന്നത് ഒരാൾതന്നെയാവും.

ഓഡിറ്റ് മേൽനോട്ടച്ചുമതലയുള്ള 437 യൂണിറ്റ് ഓഡിറ്റർമാർ മാത്രമാണുള്ളത്. 40 വർഷംമുമ്പ് നിശ്ചയിച്ച ഈ ഘടന തുടരുന്നതിനാൽ മേൽനോട്ടച്ചുമതല കാര്യക്ഷമമായി നടക്കുന്നില്ല. സഹകരണവകുപ്പിലെ യൂണിറ്റ് ഇൻസ്പെക്ടർമാർക്ക് മറ്റുജോലിഭാരം കാരണം ബാങ്ക് ശാഖകളിലെത്തി പരിശോധന നടത്താനാവുന്നില്ല. 16 വായ്പാ സംഘങ്ങൾക്ക് ഒരാളെന്നനിലയിൽ 272 യൂണിറ്റ് ഇൻസ്പെക്ടർമാരുടെ തസ്തിക സൃഷ്ടിച്ചത് 1981-ലാണ്. അത്രയും തസ്തികകളാണ് ഇപ്പോഴുമുള്ളത്. ഒരു ഇൻസ്പെക്ടർക്ക്‌ നൂറോളം സംഘങ്ങളുടെ മേൽനോട്ടച്ചുമതലയുണ്ട്. അതിനാൽ ഓഡിറ്റ് മേൽനോട്ടം, ബാങ്ക് ശാഖാ പരിശോധന എന്നിവ ഉപേക്ഷിക്കപ്പെടുകയാണ്.

ഏഴായിരം സംഘങ്ങളും പതിനായിരം കോടിരൂപ നിക്ഷേപവുമുണ്ടായ കാലത്തെ അതേ സ്റ്റാഫ് പാറ്റേണാണ് 23,080 സംഘങ്ങളും 12,600 ബാങ്ക് ശാഖകളും ഒന്നരലക്ഷം കോടി നിക്ഷേപവുമുള്ള ഇപ്പോഴും തുടരുന്നത്.

സഹകരണബാങ്കുകളിൽ ഏകീകൃത സോഫ്റ്റ്‌വേർ എന്ന നിർദേശം നടപ്പാകാത്തത് കണക്കുപരിശോധന സങ്കീർണമാക്കുന്നു. ഓഡിറ്റർമാർക്ക് സോഫ്റ്റ്‌വേർ സംബന്ധിച്ച് പരിശീലനം നൽകാത്തതും പ്രയാസമുണ്ടാക്കുന്നു. ഓഡിറ്റ്‌ വിഭാഗം പരിശോധന നടത്തി കുറ്റങ്ങൾ ചൂണ്ടിക്കാണിച്ചാൽ അത് പരിഹരിക്കുന്നുണ്ടോ എന്നുനോക്കേണ്ട ചുമതല സഹകരണവകുപ്പിലെ ജനറൽ വിഭാഗത്തിനാണ്. തിരുത്തലുകൾ വരുത്തുന്നുണ്ടോ എന്നുമനസ്സിലാക്കാൻ സംവിധാനമില്ല.

വിജിലൻസ് വിഭാഗത്തിന് സ്വന്തംനിലയിൽ പ്രവർത്തിക്കാൻ അധികാരം നൽകുന്നതിനൊപ്പം സഹകരണവകുപ്പിന് ജില്ലാതലത്തിൽ പ്രത്യേകം ഇൻസ്പെക്‌ഷൻ വിഭാഗം രൂപവത്കരിക്കണമെന്ന നിർദേശവുമുണ്ട്. ഭൂപണയത്തിൽ വായ്പ നൽകുമ്പോൾ ഭൂമിയുടെ മൂല്യനിർണയത്തിന് അധികാരമുള്ള ഉദ്യോഗസ്ഥൻ പ്രാഥമിക സഹകരണസംഘങ്ങളിൽ ഇല്ലാത്തതാണ് വായ്പത്തട്ടിപ്പിന് ഇടയാക്കുന്നത്.

കാർഷികവികസന ബാങ്കിലും വാണിജ്യ ബാങ്കുകളിലേതുപോലെ വാല്വേഷൻ ഓഫീസറെ നിയോഗിക്കണമെന്ന നിർദേശവും അംഗീകരിക്കപ്പെട്ടിട്ടില്ല. 10 ലക്ഷത്തിന്റെ സ്ഥലം പണയംവെച്ച് അരക്കോടി വായ്പയെടുക്കാൻ അവസരമൊരുക്കുന്ന തരത്തിലുള്ള അഴിമതി തടയാൻ ഈസംവിധാനം ആവശ്യമാണെന്ന നിർദേശം നേരത്തേയുള്ളതാണ്.