തിരുവനന്തപുരം: ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിങ് മണ്ഡലകാലത്തിന് രണ്ടുമാസം മുൻപേ ആരംഭിക്കണമെന്ന് റാന്നി എം.എൽ.എ. പ്രമോദ് നാരായൺ. ഇത് സംബന്ധിച്ച് ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണനു കത്തു നൽകി. ശബരിമലയിലെ തീർഥാടകത്തിരക്ക് നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള ബുക്കിങ്‌ തീർഥാടനക്കാലം ആരംഭിക്കുന്നതിനു തൊട്ടുമുൻപാണ്. അതിനാൽ, വെർച്വൽ ക്യൂ വഴി ദർശനം ഉറപ്പാക്കിയശേഷം മിക്കവർക്കും 40 ദിവസത്തെ വ്രതം എടുക്കാൻ സാധിക്കുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്ത്‌ മണ്ഡലകാലത്തിന് 60 ദിവസം മുൻപ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാനുള്ള അവസരം നൽകണമെന്നും കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.