കോട്ടയം: കോവിഡിന്റെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തികൾ നിർത്തിവെയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുൻകൂർ അനുമതി വേണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്. 75 വയസിനുമുകളിലുള്ളവർക്ക് തൊഴിൽ നൽകാമെന്നും ഉത്തരവിലുണ്ട്.

തൊഴിലുറപ്പ് പ്രവൃത്തികൾ അഞ്ചുപേർ വരെയുള്ള ഗ്രൂപ്പുകളെ നിയോഗിച്ച് നടത്താൻ അനുമതിയുണ്ടെങ്കിലും രോഗവ്യാപനതോത് അനുസരിച്ച് എ, ബി, സി, ഡി കാറ്റഗറി മേഖലയിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പദ്ധതിയെയും ബാധിക്കുന്നുണ്ട്‌. നിയന്ത്രണങ്ങൾമൂലം തൊഴിൽസാധ്യതകളും വരുമാനവും കുറയുന്നത്‌ ഗ്രാമീണകുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ്‌ വകുപ്പ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

പ്രവൃത്തികൾ തുടരുന്നത്‌ തൊഴിലാളികൾക്ക്‌ ആരോഗ്യത്തിന്‌ ഭീഷണിയാണെന്നും നിർത്തിവെയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും ഭരണസമിതിക്ക് ബോധ്യപ്പെട്ടാൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം. അധികൃതർ സാഹചര്യങ്ങൾ വിലയിരുത്തി നൽകുന്ന നിർദേശങ്ങൾക്കനുസൃതമായിവേണം നിർത്തിവെയ്ക്കാൻ.

പദ്ധതിയുടെ ഭാഗമാകാൻ തൊഴിലാളികൾ രോഗപരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതില്ല. 75 വയസിനുമുകളിലുള്ളവരെ പ്രവൃത്തിയുടെ ഭാഗമാക്കാൻ പാടില്ലെന്ന നിർദേശവും പിൻവലിച്ചു. അതീവശ്രദ്ധ ആവശ്യമായതിനാൽ നിലവിൽ ഇവരെ പരിഗണിച്ചിരുന്നില്ല. ഈ പ്രായത്തിലുള്ളവർക്ക് പ്രതിരോധ കുത്തിവെയ്പെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം.