തിരുവനന്തപുരം: സംസ്‌കൃതം അധ്യാപികയായിരുന്ന വ്യക്തിയെ ചട്ടങ്ങൾ ലംഘിച്ച് മലയാളം മഹാനിഘണ്ടുവിന്റെ മേധാവിയാക്കിയതിനെതിരേ ഗവർണർക്ക് അപ്പീൽ. ഡോ. പൂർണിമാ മോഹന്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലാ നിയമത്തിലെ ചട്ടമനുസരിച്ചാണ് കേരള സർവകലാശാല സെനറ്റംഗം ജോയൽ ജോൺ ജോസഫ് ചാൻസലർ കൂടിയായ ഗവർണർക്ക് അപ്പീൽ നൽകിയത്.

സംസ്കൃതം അധ്യാപികയായിരുന്ന പൂർണിമാ മോഹന് ഡെപ്യൂട്ടേഷൻ നിയമനം നൽകാൻ സർവകലാശാലാ ഓർഡിനൻസിലെ വ്യവസ്ഥകൾ മറച്ചുവെച്ച് വിജ്ഞാപനം പുറപ്പെടുവിച്ചുവെന്നാണ് പരാതി. വിജ്ഞാപനം പിറപ്പെടുവിച്ച രജിസ്ട്രാർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള സർവകലാശാലാ വി.സി., രജിസ്ട്രാർ, ഡോ. പൂർണിമാ മോഹൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് അപ്പീൽ നൽകിയത്.