പിറവം: കക്കാട്ടിൽനിന്ന്‌ വീട്ടുജോലിക്കായി അബുദാബിയിലേക്ക്‌ കൊണ്ടുപോയ വീട്ടമ്മയ്ക്ക് അവിടെ കഠിന മർദനമേറ്റതായി പരാതി. ഇടയ്ക്കാട്ട് തങ്കപ്പന്റെ ഭാര്യ ലിസി (55) ആണ് മർദനത്തിനിരയായത്. കക്കാട്ടിൽ തന്നെയുള്ള പരിചയക്കാരുടെ കുഞ്ഞിനെ നോക്കാനാണ് രണ്ട് വർഷം മുമ്പ് ഇവരെ കൊണ്ടുപോയത്. കഴിഞ്ഞ ദിവസം ലിസി മടങ്ങിയെത്തിയപ്പോഴാണ് മർദന വിവരം പുറത്തറിഞ്ഞത്. അവശ നിലയിലായ ഇവരെ വിമാനത്താവളത്തിൽനിന്ന്‌ പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റി. ദേഹത്ത് പല ഭാഗത്തും പൊള്ളിയതിന്റെയും മർദനമേറ്റതിന്റെയും പാടുകളുണ്ട്. തലയിൽ മുറിപ്പാടുമുണ്ട്. ആരോഗ്യവതിയായിപ്പോയ ലിസി തീർത്തും അവശയായാണ് തിരിച്ചെത്തിയതെന്ന് വീട്ടുകാരും പരാതിപ്പെട്ടു.

പിറവം പോലീസ് കേസെടുത്തിട്ടുണ്ട്. അങ്കണവാടിയിൽ ആയയായിരുന്ന ലിസി മൂന്ന് മക്കളുടെ മാതാവാണ്. സാമ്പത്തിക പരാധീനതകൾ മൂലമാണ് അബുദാബിയിലേക്ക്‌ പോകാൻ സന്നദ്ധയായത്. 20,000 രൂപ നൽകാമെന്നു പറഞ്ഞാണ് കൊണ്ടുപോയതെന്നും ഒരു കൊല്ലത്തിനു ശേഷമാണ് മർദനം തുടങ്ങിയതെന്നും ശമ്പളം കൃത്യമായി കിട്ടിയില്ലെന്നും ലിസി മൊഴി നൽകി. വീട്ടിലേക്ക് ഫോൺ ചെയ്യാനും അനുവദിച്ചിരുന്നില്ലെന്ന് ലിസി പറയുന്നു. സംഭവത്തിൽ വനിതാ കമ്മിഷനും പരാതി നൽകുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.